കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചത് സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് സൂചന. കോഴിക്കോട് മാങ്കാവ് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് അഞ്ചംഗസംഘം മലപ്പുറത്തെ തൃപ്പനച്ചിയിലെത്തിച്ച് മർദ്ദിച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആളൊഴിഞ്ഞ വീട്ടിൽ വെച്ചായിരുന്നു മർദ്ദനമെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ ഷാലുവിന് ഗുരുതര പരിക്കേറ്റു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

രണ്ടുവർഷം മുമ്പ് നടന്ന സ്വർണക്കടത്ത് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. മലപ്പുറം ജില്ലയിലെ പുളിക്കലിൽനിന്നാണ് ഷാലുവിനെ സംഘം തട്ടിക്കൊണ്ടുപോയത്. ഷാലുവിനെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് വീട്ടിൽ എത്തി ഷാലുവിനെ മോചിപ്പിക്കുകയുമായിരുന്നു. അഞ്ചം​ഗ സംഘത്തിലെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൊറയൂർ സ്വദേശികളായ നബീൽ ഇർഫാൻ ഹബീബ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.