- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പ് തന്നെയോ സഹോദരൻ വിഷ്ണുവിനെയോ ബന്ധപ്പെട്ടിരുന്നില്ല; റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് തങ്ങൾക്കേറ്റ ക്രൂര പീഡനത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെ; കിളികൊല്ലൂരിൽ എസ് പിയുടെ റിപ്പോർട്ടിനെതിരെ പരാതിയുമായി വിഘ്നേശ്
കിളികൊല്ലൂർ: സൈനികനും സഹോദരനും കിളികൊല്ലൂർ പൊലീസിന്റെ മർദനമേറ്റ സംഭവത്തിൽ ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷന് നൽകിയ റിപ്പോർട്ടിനെതിരെ പരാതി നൽകി മർദനത്തിനിരയായ വിഘ്നേശ്. തങ്ങളെ ഏറ്റവുമധികം ഉപദ്രവിച്ച എസ്‌ഐ അനീഷിനെയും എസ്.എച്ച്.ഒ വിനോദിനെയും സംരക്ഷിക്കുന്ന റിപ്പോർട്ടാണ് ജില്ല പൊലീസ് മേധാവി മെറിൻ ജോസഫ് നൽകിയതെന്നും വിഘ്നേശ് പറഞ്ഞു.
റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പ് തന്നെയോ സഹോദരൻ വിഷ്ണുവിനെയോ ബന്ധപ്പെട്ടിരുന്നില്ല. റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് തങ്ങൾക്കേറ്റ ക്രൂര പീഡനത്തിന്റെ വ്യാപ്തി മനസ്സിലാക്കാതെയും മനുഷ്യാവകാശ ധ്വംസനത്തിന്റെ ഗൗരവം ഉൾക്കൊള്ളാതെയുമാണെന്നും വിഘ്നേഷ് മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
യുവാക്കൾക്ക് മർദനമേറ്റതായി കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് മർദനമേറ്റതെന്നോ ആരാണ് മർദിച്ചതെന്നോ റിപ്പോർട്ടിൽ വൃക്തമാക്കിയിരുന്നില്ലെന്നും കേസിൽ ആദ്യം സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് അതേപടി മനുഷ്യാവകാശ കമീഷന് ജില്ല പൊലീസ് മേധാവി സമർപ്പിക്കുകയായിരുന്നുവെന്നും വിഘ്നേശ് പറഞ്ഞു. സംഭവത്തിൽ സാക്ഷി മൊഴികളും സി.സി ടി.വിയും പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ പറയുന്നു.
കിളികൊല്ലൂരിൽ യുവാക്കൾക്ക് മർദനമേറ്റ് നൂറുദിവസം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണം ആരംഭിച്ച സമയത്ത് മൊഴിയെടുത്തതല്ലാതെ പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നും വിഘ്നേശ് പറഞ്ഞു. തങ്ങൾക്കെതിരെ പൊലീസ് ചുമത്തിയ കള്ളക്കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സർക്കാറിന്റെ വിശദീകരണമറിയാനായി ഹരജി ആറിലേക്ക് മാറ്റിയിരുന്നു. ഹരജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.



