തിരുവനന്തപുരം: തലസ്ഥാനത്ത് ആയുധങ്ങളുമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസിന് നേരെ നാടൻ പടക്കമെറിഞ്ഞ കേസിൽ മുഖ്യ പ്രതി രജീഷടക്കം 4 പ്രതികൾക്കും 17കാരനായ കുട്ടിക്കുറ്റവാളിക്കുമെതിരെ നർക്കോട്ടിക് സെൽ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയായ 4 പ്രതികൾക്കെതിരെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുമ്പാകെയാണ് അസി. കമ്മീഷണർ ഷീൻ തറയിൽ കുറ്റപത്രം സമർപ്പിച്ചത്. 17 കാരനെതിരെ തിരുവനന്തപുരം ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെ. ജെ. ബി ) കോടതി ചുമതല വഹിക്കുന്ന രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ലഹരി വിൽപ്പന സംഘത്തിലെ സംഘത്തിലെ പ്രധാനി നെടുങ്കാട് കട്ടയ്ക്കാൽ സ്വദേശി രജീഷ് (22) , മുഖ്യപ്രതി തിരുമല കുന്നപ്പുഴ വലിയ കട്ടയ്ക്കാൽ വീട്ടിൽ അച്ചു എന്ന അനന്തു. എ.എസ് (22) , രാകേഷ് കൃഷ്ണൻ , ആകാശ് , വെള്ളായണി സ്വദേശിയും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കുറ്റവാളിയും പ്രായ പൂർത്തിയാകാത്തതുമായ 17 കാരൻ എന്നിവർക്കെതിരായാണ് കുറ്റപത്രം സമർപ്പിച്ചത്.17 കാരന്റെ വിചാരണ പ്രത്യേകമായി ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെ. ജെ. ബി ) കോടതിയിൽ നടക്കും.

കിള്ളിപ്പാലം ലോഡ്ജിൽ ആയുധങ്ങളുമായി കഞ്ചാവും എംഡിഎംഎ യും വിൽപന നടത്തിയത് പിടിക്കാൻ ചെന്ന പൊലീസിന് നേരെ പടക്കമെറിഞ്ഞ് 3 പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രധാന പ്രതി രജീഷിനെയും 17 കാരനെയും മാത്രം സ്‌പോട്ട് അറസ്റ്റ് ചെയ്തു. 5 കിലോ കഞ്ചാവ് , രണ്ടു ഗ്രാം എംഡിഎംഎ , 2 പെല്ലറ്റ് ഗൺ , 1ലൈറ്റർ ഗൺ , 2 വെട്ടുകത്തി , 5 മൊബൈൽ ഫോൺ എന്നിവ ഇവരിൽ നിന്ന് പിടികൂടിയിരുന്നു. തോക്കുകൾ ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ വിഭാഗത്തിൽപ്പെട്ടവയാണ്.

5 കിലോ കഞ്ചാവ് കുറഞ്ഞ അളവായ ഒരു കിലോയ്ക്കും വാണിജ്യ അളവായ 10 കിലോയ്ക്കും ഇടക്കുള്ള ഇന്റർമീഡിയറി ക്വാണ്ടിറ്റി ആയതിനാലും 2 ഗ്രാം എംഡി എംഎ കുറഞ്ഞ അളവായ 0.5 ഗ്രാമിനും വാണിജ്യ അളവായ 5 ഗ്രാമിനും ഇടക്കുള്ള ഇന്റർമീഡിയറി ക്വാണ്ടിറ്റി ആയതിനാലുമാണ് പൊലീസിന് നേരിട്ട് ഫയലിങ് അധികാര പരിധിയുള്ള ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2021 ഒക്ടോബർ 18 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിള്ളിപ്പാലം ബണ്ട് റോഡിൽ കിള്ളി ടവർ എന്ന വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കിള്ളി ടൂറിസ്റ്റ് ഹോമിലാണ് സംഭവം നടന്നത്. മയക്കു മരുന്ന് കച്ചവടവും ഉപയോഗവും നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡിനെത്തിയ നർക്കോട്ടിക് സെൽ അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള നർക്കോട്ടിക് , കരമന പൊലീസ് സംഘത്തിന് നേരെയാണ് നാടൻ പടക്കമെറിഞ്ഞത്. തലനാരിഴക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.

നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ട മുഖ്യ പ്രതി അനന്തു (22) വും മറ്റൊരു പ്രതിയായ രാകേഷും ആകാശും മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. സംഘത്തിലെ പ്രധാനി രജീഷ് , പ്രായപൂർത്തിയാകാത്ത 17 കാരൻ എന്നിവരാണ് സ്‌പോട്ടിൽ വെച്ച് പിടിയിലായത്.

അസ്വാഭാവികമായി വിദ്യാർത്ഥികളടക്കം ഒട്ടേറെപ്പേർ കിള്ളിപ്പാലത്തെ ലോഡ്ജിലെ മുറിയിലെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് നർക്കോട്ടിക് വിഭാഗം കിളിപ്പാലത്ത് നിരീക്ഷണം തുടങ്ങിയത്. വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും ലഹരി ഉപയോഗിച്ച നിലയിൽ ഈ ഭാഗത്ത് കാണാറുണ്ടെന്ന് നാട്ടുകാരും വിവരം നൽകിയിരുന്നു.

കള്ളിപ്പാലത്ത് നടന്ന രണ്ടു കൊലക്കേസുകളിലെ പ്രതികളുമായി ലഹരി വിൽപ്പന സംഘത്തിന് ബന്ധമുള്ളതായും പൊലീസ് കണ്ടെത്തി. പൊലീസോ മറ്റു സംഘങ്ങളോ എത്തിയാൽ തിരിച്ചാക്രമിക്കാനും രക്ഷപ്പെടാനുമുള്ള ഒരുക്കങ്ങളെല്ലാം ഇവർ തയ്യാറാക്കിയിരുന്നു.