- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേഫ്റ്റി വാൽവ് തകരാറിലായതും കേട്ടത് ഉഗ്ര ശബ്ദം; കളമശ്ശേരി കിൻഫ്രയെ നടുക്കി വൻ അപകടം; ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്; പ്രദേശത്ത് അതീവ ജാഗ്രത

കൊച്ചി: കളമശ്ശേരി കിൻഫ്രയിലുള്ള ഗ്രീൻ ലീഫ് എക്സ്ട്രാക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.15-ഓടെ വൻ ശബ്ദത്തോടെയാണ് അപകടമുണ്ടായത്. സുഗന്ധവ്യഞ്ജന സത്ത് വേർതിരിച്ചെടുക്കുന്ന ഫാക്ടറിയാണിത്. സേഫ്റ്റി വാൽവിന്റെ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
അപകടത്തിൽ പരിക്കേറ്റ നാല് പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെ ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചപ്പോൾ, തൃപ്പൂണിത്തുറ ചാത്തുകുളത്ത് വീട്ടിൽ സുരേഷ് (50) കാലിന് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ തുടരുകയാണ്.
ബോയിലർ സ്ഥാപിച്ചിരുന്ന ഗ്രീൻ ലീഫ് കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും തകർന്നു. മുറിയിലുണ്ടായിരുന്ന അനുബന്ധ യന്ത്രസാമഗ്രികൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഫാക്ടറി കെട്ടിടത്തിന് പുറമെ സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ ക്ലാസ് മുറികളുടെയും മറ്റ് രണ്ട് സ്ഥാപനങ്ങളുടെയും ജനൽച്ചില്ലുകൾ തകർന്നു.
വിവരമറിഞ്ഞ് ഏലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ നിന്ന് ഓരോ യൂണിറ്റ് ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ, കമ്പനിയിലെ സ്വന്തം സംവിധാനങ്ങൾ ഉപയോഗിച്ച് തീ അണച്ച് നിയന്ത്രണവിധേയമാക്കിയിരുന്നു. വ്യവസായ മന്ത്രി പി. രാജീവ്, കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാൻ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമുള്ള നടപടികൾ തുടരുകയാണ്.


