ഇരട്ടി: ഇണചേരൽ സമയം അടുത്തതോടെ രാജവെമ്പാലകൾ കൂടുതലായി ജനവാസമേഖലകളിലേക്ക് ഇപ്പോൾ ഇറങ്ങുകയാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. ഉഗ്രവിഷമുള്ള രാജവെമ്പാല നാട്ടിലിറങ്ങിയതോടെ ജനങ്ങളും വലിയ ആശങ്കയിലാണ്.

ലോകത്തിലെ ഏറ്റവും ഉഗ്രവിഷമുള്ള രാജവെമ്പാല കടിച്ചാൽ മിനിട്ടുകൾക്കകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നുമാണ് വിദഗ്ധർ പറയുന്നത്. കണ്ണൂരിന്‍റെ മലയോര മേഖലയിൽ മാർച്ചിൽ മാത്രം പത്തിലധികം രാജവെമ്പാലകളെയാണ് വീട്ടുപരിസരങ്ങളിൽ നിന്നും പിടികൂടിയത്.

ചൂട് വർധിച്ചതോടെ പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിൽ കൂടുതൽ കാണപ്പെടുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വനംവകുപ്പിലെ താൽക്കാലിക വാച്ചറും പാമ്പ് പിടുത്തക്കാരനുമായ കണ്ണൂരിന്‍റെ സ്നേക്ക് മാസ്റ്ററായ ഫൈസൽ വിളക്കോട് പറയുന്നത്. പാമ്പുകളിൽ എളുപ്പം വരുതിയിലാകുന്നത് രാജവെമ്പാല എന്നാണ് ഫൈസലിന്‍റെ പക്ഷം. പിടികൂടാൻ എളുപ്പം രാജ വെമ്പാലെയെ ആണ്. പൊതുവെ ശാന്തനാണെന്നും അവർ പറയുന്നു.