തിരുവനന്തപുരം: പീഡനവും ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദം ചെലുത്തിയതുമുള്‍പ്പെടെ ഗുരുതര ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തലിനെ ന്യായീകരിക്കുകയും പരാതിക്കാരെ അധിക്ഷേപിക്കുകയും ചെയ്ത വി കെ ശ്രീകണ്ഠന്‍ എംപിയുടെ പ്രതികരണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെ കെ ശൈലജ. ഇതുപോലെ അവഹേളിക്കപ്പെടുന്നതുകൊണ്ടാണ് പെണ്‍കുട്ടികള്‍ പലരും പരാതി പറയാന്‍ മടിക്കുന്നത്.

പരാതിപ്പെടുന്നവര്‍ ഏതെങ്കിലും പരിപാടിയില്‍ മന്ത്രിമാരുടെയോ മറ്റ് പുരുഷന്മാരുടെയോ കൂടെ നില്‍ക്കുന്നതുമായാണോ ഈ സംഭവത്തെ താരതമ്യം ചെയ്യേണ്ടത്. അവരാരെങ്കിലും ഈ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയവരാണോ. എല്ലാവരുടെയും വീട്ടില്‍ സ്ത്രീകളുണ്ടെന്നെങ്കിലും എംപി ഓര്‍ക്കണമെന്നും ശൈലജ പറഞ്ഞു.

എംഎല്‍എ സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ അന്തംവിട്ടു. ഇവര്‍ അശ്ലീലവും വ്യാജവുമായ പോസ്റ്ററുകള്‍ സൃഷ്ടിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കണ്ടതാണ്. എന്നാല്‍ അതിനേക്കാള്‍ മോശമായ രീതിയില്‍ പെരുമാറി എന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്തും ആകാം എന്ന സമീപനമാണ് ഇത്തരക്കാര്‍ക്കെന്നും കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെ കെ ശൈലജ പറഞ്ഞു.

യുവനേതാവില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ ലഭിച്ചെന്ന് തുറന്നുപറഞ്ഞ പെണ്‍കുട്ടിയെ വസ്ത്രധാരണത്തിന്റെ പേരിലാണ് ശ്രീകണ്ഠന്‍ അധിക്ഷേപിച്ചത്. അര്‍ധവസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നില്ലേ എന്നായിരുന്നു എംപിയുടെ ചോദ്യം.