- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരഹത്യാകുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്ക്കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയതിനെതിരെ അപ്പീൽ; കെഎം ബഷീർ വാഹനാപകട മരണ കേസിൽ വീണ്ടും നിയമ പോരാട്ടം
കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനം ഇടിച്ചു മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യക്കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യക്കുറ്റം നിലനിൽക്കുമെന്നും കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയതുമായി കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗമാണ് ഇപ്പോഴും ശ്രീറാം.
ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് നരഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണം എന്ന് സർക്കാർ ഹർജി നൽകിയത്. നരഹത്യാകുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പ്രാഥമികമായി അറിയിച്ചത്. കേരളത്തിൽ ചർച്ചാവിഷയമായ കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ല. നരഹത്യയെന്നതിന് തെളിവുകളുണ്ട്. ശ്രീറാം ആദ്യ ഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചാണ് കോടതി കൊലക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയത്. മനപ്പൂർവമായ നരഹത്യ വകുപ്പായ 304 (2) അടക്കം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് കീഴ്ക്കോടതി ഒഴിവാക്കിയത്. ഇതോടെ അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304എ വകുപ്പ് ആയി മാറി. ഇതോടെ അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള വകുപ്പ് 279, എംവി ആക്ട് 184 എന്നീ വകുപ്പുകളിൽ ശ്രീറാം വിചാരണ നേരിട്ടാൽ മതിയാകും. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ് 188 അഥവാ പ്രേരണക്കുറ്റം മാത്രമാണ് ഇപ്പോഴുള്ളത്.
കേസ് പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാകില്ല. ഹൈക്കോടതി ഹർജിയിൽ വിശദമായ വാദം കേൾക്കും. സർക്കാർ ഹർജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടർനടപടി. ശ്രീറാം വെങ്കിട്ടരാമൻ, വഹ ഫിറോസ് എന്നിവർ എതിർകക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവർക്കും കോടതി നോട്ടീസ് അയക്കും. വരും ദിവസങ്ങളിൽ ഇരുവർക്കും അവരുടെ ഭാഗം അറിയിക്കാം. നരഹത്യ കുറ്റം നിലനിൽക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കിൽ നരഹത്യക്കുറ്റവും കൂടി ചേർത്താകും വിചാരണ നടക്കുക.



