കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 504 വിമാനം റണ്‍വേയില്‍ തെന്നിമാറിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തിവച്ചു. രാത്രി 10.15ന് ബോര്‍ഡിംഗ് പൂര്‍ത്തിയായ ശേഷമാണ് വിമാനം റണ്‍വേയിലേക്ക് നീങ്ങിയപ്പോഴുണ്ടായ സംഭവം. എന്‍ജിന്‍ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് വിമാന ജീവനക്കാര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട വിവരം ആദ്യം പുറത്ത് വിട്ടത് യാത്രക്കാരില്‍ ഒരാളായ ഹൈബി ഈഡന്‍ എംപിയായിരുന്നു. തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. വിമാനത്തിന്റെ എന്‍ജിനില്‍ വൈബ്രേഷന്‍ പ്രശ്നമാണ് കണ്ടെത്തിയതെന്ന് അദ്ദേഹം കുറിച്ചു. തുടര്‍ന്ന് യാത്രക്കാരെ വിമാനത്തിനുള്ളില്‍ തന്നെ കാത്തിരുത്തുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത് 10.40നായിരുന്നു. ടേക്ക് ഓഫിന് തൊട്ടുമുന്‍പുള്ള റണ്ണിങ്ങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. പ്രശ്‌നം വൈകാതെ പരിഹരിച്ച് ഉടന്‍ പുറപ്പെടാന്‍ സാധിക്കും എന്നാണ് അറിയിച്ചത.

പിന്നീട്, യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുമെന്നും രാത്രി ഏകദേശം ഒരു മണിയോടെ ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടുമെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.