- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനാലെക്ക് ഒരുങ്ങി കൊച്ചി; 13 വേദികൾ സ്ഥിതി ചെയ്യുന്നത് ഫോർട്ട് കൊച്ചി മുതൽ മട്ടാഞ്ചേരി വരെയുള്ള പ്രദേശങ്ങളിൽ; തയ്യാറെടുപ്പുകൾ വിലയിരുത്താൻ യോഗം ചേർന്നു
കൊച്ചി: ഈ മാസം 12-ാം തീയതി മുതൽ ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ 13 വേദികൾ സ്ഥിതി ചെയ്യുന്ന ഫോർട്ട് കൊച്ചി മുതൽ മട്ടാഞ്ചേരി വരെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കൊച്ചി മേയറുടെ അദ്ധ്യക്ഷതയിൽ എംഎൽഎ. കെ. ജെ. മാക്സി, ജില്ലാ കളക്ടർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷം നടക്കുന്ന ഈ വർഷത്ത ബിനാലെ കൊച്ചിയുടെ ടൂറിസം രംഗത്ത് വലിയ ഉണർവ്വ് പകരുമെന്ന് യോഗം വിലയിരുത്തി. ബിനാലെ മൂന്ന് മാസത്തോളം നീളുമെങ്കിലും പുതുവർഷാരംഭം വരെയുള്ള ദിവസങ്ങളിലാണ് വലിയ ജനതിരക്ക് പ്രതീക്ഷിക്കുന്നത്.
ബീനാലെ നടക്കുന്ന ഭാഗങ്ങളിലെ ക്ലീനിംഗിന് നഗരസഭ പ്രത്യേക മുൻകൈ എടുക്കും. കടൽതീരത്തെ പായൽ നീക്കുന്നതിനുള്ള അധികപരിശ്രമം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഈ പ്രവൃത്തി തുടരും. ബിനാലെ നടക്കുന്ന കാലയളവിൽ പ്രദേശത്ത് പ്രത്യേക ബയോ ടോയ്ലറ്റുകളും നഗരസഭ സ്ഥാപിക്കും.
ഈ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ് നേതൃത്വം കൊടുക്കും. ബിനാലെയുടെ നടത്തിപ്പിന് നഗരസഭയുടെ മുഴുവൻ കൗൺസിലർമാരുടെയും സഹകരണമുണ്ടാകും.ഫോർട്ട് കൊച്ചി സൗത്ത് ബീച്ച് ഭാഗത്തെ തകർന്ന ടൈലുകൾ അടിയന്തിരമായി പുനഃസ്ഥാപിക്കുന്നതിന് കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് നടപടി സ്വീകരിക്കും. റോ-റോ യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മേയറും, കളക്ടറും, മന്ത്രി തലത്തിൽ കെ.എസ്‌ഐ.എൻ.സി.യുമായി ചർച്ച നടത്തും.
പ്രദേശത്തെ പാർക്കിംഗിന് സ്ഥലം കണ്ടെത്തുവാനുള്ള പരിശ്രമം റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകും. പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തി, രാത്രികാലങ്ങളിൽ വഴിവിളക്കുകളും, സി.സി.ടി.വി. കാമറകളും ഉറപ്പാക്കും. ബിനാലേക്കെത്തുന്നവർക്ക് സഹായകരമാകുന്ന വിധത്തിൽ സൈൻ ബോർഡുകളും, ഹെൽപ് ഡെസ്‌കുകളും സ്ഥാപിക്കും.
ഇക്കാര്യങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ അടുത്ത ശനിയാഴ്ച പ്രദേശത്തെ ജനപ്രതിനിധികളും, ആർ.ഡി.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും, പൊലീസും ചേർന്ന് എംഎൽഎ. യുടെ നേതൃത്വത്തിൽ യോഗം ചേരും. യോഗത്തിൽ റസിഡന്റ്സ് അസോസിയേഷനുകളുടെയും, ഹോം സ്റ്റേ ഓണേഴ്സ് അസോസിയേഷന്റെയും പ്രതിനിധികളെയും പങ്കെടുപ്പിക്കും. സ്ഥലപരിശോധന ഉൾപ്പെടെ നടത്തി തയ്യാറെടുപ്പുകൾ പൂർത്തിയാക്കും.




