കൊച്ചി: ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ പ്രതി 21 ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി ഖാസി വൈ ബി നിസാമുദ്ദീൻ (30) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. ഓഗസ്റ്റ് 24-ന് രാവിലെയാണ് സംഭവം നടന്നത്.

സംഭവദിവസം രാവിലെ, ഇരുമ്പ് വടിയുമായി മക്ഡൊണാൾഡ്‌സ് ഔട്ട്ലെറ്റിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി, ജീവനക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നോടിയ ജീവനക്കാർ, ഔട്ട്ലെറ്റിലെ സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ തട്ടിയെടുത്ത് പ്രതി കടന്നു കളഞ്ഞതായി പോലീസിൽ പരാതി നൽകിയിരുന്നു. സംഭവസമയത്ത് കടയിൽ തിരക്ക് കുറവായിരുന്നു.

പോലീസ് നേരത്തെ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട്, പ്രതി തോപ്പുംപടി ഭാഗത്തുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം അവിടെയെത്തി ഇയാളെ പിടികൂടുകയായിരുന്നു.