കൊച്ചി: വർഷം അഞ്ച് പിന്നിട്ടിട്ടും ലാഭത്തിന്റെ ട്രാക്കിലേക്ക് ഓടിക്കയറാനാകാതെ കൊച്ചി മെട്രോ. വരുമാന വർധന ലക്ഷ്യമിട്ട് പദ്ധതികൾ പലതും ആസൂത്രണം ചെയ്തിട്ടും പ്രവർത്തന മൂലധനം കണ്ടെത്താൻ വായ്പയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മെട്രോ.കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 339.55 കോടി രൂപയാണ് അറ്റ നഷ്ടം.

2020-21 സാമ്പത്തിക വർഷം ഇത് 334.90 കോടി രൂപയായിരുന്നു. ആകെ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. 142.31 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം. ടിക്കറ്റ് വരുമാനം, ടിക്കറ്റിതര വരുമാനം എന്നിവയെല്ലാമുൾപ്പെടെയാണിത്. മുൻ വർഷം ഇത് 167.46 കോടി രൂപയായിരുന്നു. മൊത്തം ചെലവ് 118.35 കോടി രൂപയായി വർധിച്ചു. മുൻ വർഷം ഇത് 111.95 കോടി രൂപയായിരുന്നു.

2022 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ഫ്രഞ്ച് വികസന ഏജൻസിയിലും കാനറ ബാങ്കിലുമായി 1152.51 കോടി രൂപയും 1372.78 കോടി രൂപയും മെട്രോയ്ക്ക് ബാധ്യതയുണ്ട്. ആദ്യഘട്ട വികസനത്തിന് വേണ്ടി എടുത്ത വായ്പയാണിത്. കാനറ ബാങ്കിന്റെയും യൂണിയൻ ബാങ്കിന്റെയും കൺസോർഷ്യത്തിൽനിന്നായി ആദ്യഘട്ട അനുബന്ധ വികസനത്തിനായെടുത്ത 395.23 കോടി രൂപയും ബാധ്യതയുണ്ട്.

ഇതിനു പുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്നും ഹഡ്കോയിൽ നിന്നും ഭൂമിയേറ്റെടുക്കലിനും മുന്നൊരുക്കത്തിനുമായി 840.05 കോടി രൂപയുടെ വായ്പയുമെടുത്തിട്ടുണ്ട്. പ്രവർത്തന മൂലധന വായ്പയായി കാനറ ബാങ്കിൽ നിന്ന് 34.83 കോടി രൂപയാണ് വായ്പയെടുത്തിരിക്കുന്നത്.

വരുമാന വർധന ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികളാണ് കെ.എം.ആർ.എല്ലിനുള്ളത്. യാത്രക്കാരെ ആകർഷിക്കാനായി ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നുണ്ട്. മെട്രോ തൂണുകളിലും സ്റ്റേഷനിലും പരസ്യം, വാണിജ്യ സ്ഥാപനങ്ങൾക്ക് സ്റ്റേഷനകത്തെ സ്ഥലം വാടകയ്ക്ക് നൽകൽ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. എന്നാൽ ഉദ്ദേശിച്ച വരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല.

പേട്ട മുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള മെട്രോ റൂട്ട് അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്. 710.93 കോടി രൂപയാണ് ഇതിന്റെ നിർമ്മാണച്ചെലവ്. എസ്.എൻ. ജങ്ഷനിൽനിന്ന് തൃപ്പൂണിത്തുറ ടെർമിനലിലേക്കുള്ള നിർമ്മാണം പുരോഗമിക്കുകയാണ്. 448.33 കോടി രൂപ ചെലവിൽ അടുത്ത വർഷം സെപ്റ്റംബറോടെ ഇത് പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം.

30.78 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ടിക്കറ്റിനത്തിൽ മെട്രോയ്ക്ക് ലഭിച്ച വരുമാനം. ഈ കാലയളവിലെ യാത്രക്കാരുടെ എണ്ണം 96,94,014. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ വർഷം മെയ്‌ എട്ടുമുതൽ ജൂൺ 30 വരെ മെട്രോ സർവീസ് നിർത്തിവെച്ചിരുന്നു.