കൊച്ചി: ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോയും ജല മെട്രോയും അധിക സര്‍വീസുകള്‍ നടത്തും. സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ മെട്രോയുടെ അവസാന സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും പുറപ്പെടുന്ന അവസാന സര്‍വീസ് രാത്രി 10.45നായിരിക്കും. തിരക്കുള്ള സമയങ്ങളില്‍ ആറ് അധിക സര്‍വീസുകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

ഇതോടൊപ്പം, ജല മെട്രോ സര്‍വീസുകളിലും മാറ്റങ്ങളുണ്ട്. തിരക്കുള്ള സമയങ്ങളില്‍ ബോട്ടുകളുടെ സര്‍വീസ് 10 മിനിറ്റ് ഇടവിട്ട് ലഭ്യമാക്കും. സെപ്റ്റംബര്‍ 2 മുതല്‍ 7 വരെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതിയിലേക്കുള്ള സര്‍വീസ് രാത്രി 9 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഓണക്കാലത്ത് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.