കൊല്ലം: ഓട്ടോറിക്ഷയില്‍നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെമ്മാന്‍മുക്കിലാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു പോകാന്‍ ഓട്ടോറിക്ഷയില്‍ കയറിയതായിരുന്നു രണ്ട് പ്‌ളസ് ടു വിദ്യാര്‍ഥിനികള്‍. എന്നാല്‍ ആവശ്യപ്പെട്ട സ്ഥലത്തേക്കു പോകാതെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മറ്റാരു വഴിയിലൂടെ ഓട്ടോ ഓടിച്ചു പോകുക ആയിരുന്നു. ഇതോടെ ഭയന്നു പോയ കുട്ടികളില്‍ ഒരാള്‍ പുറത്തേക്ക് ചാടുക ആയിരുന്നു.

ഓട്ടോ ഡ്രൈവര്‍ മോശമായി പെരുമാറുകയും പറഞ്ഞപ്പോള്‍ നിര്‍ത്താതിരിക്കുകയും ചെയ്തതോടെയാണ് കു്ട്ടി പുറത്തേക്ക് ചാടിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പൈനുംമൂട് വിവേകാനന്ദ നഗര്‍, പുളിങ്കാലത്ത് കിഴക്കതില്‍ നവാസി(52)നെ പോലീസ് അറസ്റ്റ് ചെയ്തു. വിമലഹൃദയ സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഇരുവരും സമീപത്തുള്ള ട്യൂഷന്‍ സെന്ററിലെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകാന്‍ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. എന്നാല്‍ ഈ സമയം സ്റ്റാന്‍ഡില്‍ വണ്ടി ഇല്ലായിരുന്നു. ഈ സമയം യാത്രക്കാരില്ലാതെ പ്രധാന റോഡിലൂടെ വന്ന ഓട്ടോയില്‍ കയറി അമ്മന്‍നട ഭാഗത്തേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ നവാസും ഓട്ടോ സ്റ്റാന്‍ഡിനു സമീപമുണ്ടായിരുന്ന മറ്റൊരാളുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രോഷാകുലനായ നവാസ് മെയിന്‍ റോഡില്‍കൂടി പോകാതെ വിമലഹൃദയ സ്‌കൂളിനു പിന്നിലെ ഇടവഴിയിലൂടെയാണ് പോയത്.

ഇതു ചോദ്യംചെയ്തപ്പോള്‍ വിദ്യാര്‍ഥിനികളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ഓട്ടോയുടെ വേഗം കൂട്ടുകയുമായിരുന്നു. കുട്ടികള്‍ നിലവിളിച്ചെങ്കിലും സമീപത്ത് ആരുമുണ്ടായിരുന്നില്ല. ഇതിനിടെ വിദ്യാര്‍ഥിനികളിലൊരാള്‍ പുറത്തേക്കു ചാടി. കുറച്ചുമാറി ഓട്ടോ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെ കുട്ടിയും പുറത്തിറങ്ങി രക്ഷപ്പെട്ടു. ഇതോടെ ഡ്രൈവര്‍ ഓട്ടോറിക്ഷയുമായി കടന്നു. വിദ്യാര്‍ഥിനികള്‍ വീട്ടിലെത്തി വീട്ടുകാരെ വിവരമറിയിച്ചു. ചാടിയിറങ്ങിയപ്പോള്‍ കൈക്കും തോളിനും പരിക്കേറ്റ ആശ്രാമം സ്വദേശിയായ വിദ്യാര്‍ഥിനി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

ഈസ്റ്റ് സ്റ്റേഷനില്‍ പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പോലീസ് സി.സി.ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കോളേജ് ജങ്ഷനു സമീപത്തുനിന്നാണ് ഓട്ടോ ഡ്രൈവര്‍ പിടിയിലായത്. ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സുമേഷ്, സി.പി.ഒ.മാരായ അജയകുമാര്‍, അനു ആര്‍.നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.