- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന നാളുകളിൽ പെൺകുട്ടികൾ ഭയങ്കര വിഷമത്തിലായിരുന്നു; കൊല്ലം സായിയിലെ ആ വിദ്യാർഥിനികൾ ജീവനൊടുക്കിയ സംഭവം; പോക്സോ കേസെടുത്ത് പോലീസ്

കൊല്ലം: കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) ഹോസ്റ്റലിൽ വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. മരിച്ച പത്താം ക്ലാസുകാരികളിലൊരാളുടെ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെതിരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോക്സോ വകുപ്പുകൾ ചുമത്തിയത്.
ആൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ, പൊലീസ് തയ്യാറാക്കിയ റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറിയിട്ടുണ്ട്. അതേസമയം, ഹോസ്റ്റലിൽ വിദ്യാർഥിനികൾ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ അന്വേഷണസംഘത്തിന് മൊഴി നൽകി. ഹോസ്റ്റലിൽ നടന്ന പല നിർണായക കാര്യങ്ങളും ഇൻചാർജ് യഥാസമയം റിപ്പോർട്ട് ചെയ്തില്ലെന്ന് പ്രാഥമിക കണ്ടെത്തലുണ്ട്. മരിച്ച കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
ഈ മാസം 15-നാണ് കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിനികളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാതിരുന്നതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.


