മലപ്പുറം: തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്.

ആഷിഖും പിതാവും സഹോദരങ്ങളും ചേർന്ന് കൊല്ലപ്പെട്ട സ്വാലിഹിനെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മുൻവൈരാഗ്യത്തെ തുടർന്നുള്ള തർക്കമാണ് പ്രതികാരമായത്. കൊല്ലപ്പെട്ട സ്വാലിഹും പ്രതിയും തമ്മിൽ നേരത്തേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സ്വാലിഹും സുഹൃത്തുക്കളും ചേർന്ന് പ്രദേശത്ത് ലഹരിവിൽപ്പന നടത്തിയിരുന്നു. ഇത് ആഷിഖ് ചോദ്യം ചെയ്തത് പ്രതികാരമായി.

പ്രാവുവളർത്തലുമായി ബന്ധപ്പെട്ടും ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. സ്വാലിഹ് കൊല്ലപ്പെടുന്നതിന്റെ തലേദിവസവും ഇവർ തമ്മിൽ പ്രശ്നമുണ്ടായി. ആഷിഖിനെ സ്വാലിഹും സുഹൃത്തുക്കളും ചേർന്ന് മർദിച്ചു. ഇതിന് പ്രതികാരം ചെയ്യാൻ ആഷിഖും സഹോദരന്മാരും പിതാവും ചേർന്ന് സ്വാലിഹിനെ തിരഞ്ഞ് ഇറങ്ങി. സ്വാലിഹും സുഹൃത്തുക്കളും കാറിൽ പോകുന്നതിനിടെ ഇവർ തടഞ്ഞ് നിർത്തി കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവിടെനിന്ന് ഓടിരക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ശരീരത്ത് മുറിവേറ്റ സ്വാലിഹ് രക്തം വാർന്ന് കുഴഞ്ഞ് വീണ് മരിച്ചു.