കണ്ണൂർ: ജയിലിൽ നിന്നും ഇറങ്ങി വടക്കൻ ജില്ലകളിൽ വ്യാപകമായ മോഷണം നടത്തിയ കോട്ടയം സ്വദേശികളായ അഭിലാഷും സുനിലും ഒടുവിൽ പൊലിസിനു മുൻപിൽ കുടുങ്ങി. കൂത്തുപറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിൽ മോഷണത്തിന് ഒരുങ്ങുന്നതിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ പൊലിസ് കസ്്റ്റഡിയിലെടുക്കുന്നത്.

എന്നാൽ ഇവർ കേരളത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ മുപ്പത്തിരണ്ടു കേസുകളിൽ പ്രതിയായ അഭിലാഷും സുനിലുമാണെന്നു മണിക്കൂറുകൾ കഴിഞ്ഞാണ് തിരിച്ചറിയുന്നത്. മോഷ്ടിച്ച ബൈക്കുകളിലെത്തി സ്ത്രീകളുടെ മാലകവരുന്നതാണ് ഇവരുടെ മെയിൻ ഐറ്റം. തലശേരിയിലെ ബൈക്കുമോഷണമടക്കം കണ്ണൂർ ജില്ലയിൽ ഇവർക്കെതിരെ അഞ്ചുകേസുകളുണ്ട്.

എന്നാൽ ഇരിട്ടിയിൽ സമാനമായി നടന്ന കേസുകളിൽ ഇവരെ സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. പ്രതികൾക്കെതിരെ പത്തനം തിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്് കൂടുതൽ കേസുകളുള്ളത്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ പിടിയിലായവരെ ചോദ്യം ചെയ്തതിനു ശേഷം കൂത്തുപറമ്പ് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. കോട്ടയം സ്വദേശികളായ ഇരുവർ സംഘം മോഷണമുതൽ വിറ്റുകൊണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോയി ആഡംബര ജീവിതം നയിച്ചിരുന്നുവെന്നും മോഷണകുറ്റങ്ങളിൽ ജയിലിൽ കഴിയുന്ന സമയത്താണ് പുറത്തിറങ്ങുമ്പോൾ നടത്താനുള്ള മോഷണങ്ങൾ പ്ളാൻ ചെയ്തിരുന്നതെന്നും പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.