- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസ് ; റഫീക്കാ ബീവിയടക്കം 3 പ്രതികൾക്ക് പോക്സോ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് ; പ്രതികളെ 30 ന് പ്രതികളെ ജയിൽ ഹാജരാക്കണം
തിരുവനന്തപുരം: കോവളം ആഴാകുളത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന കേസിൽ വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരിയെ കൊന്ന് മച്ചിൽ ഒളിപ്പിച്ച് സ്വർണം കവർന്ന കവർച്ചാ കൊലക്കേസിലെ റിമാന്റ് പ്രതികളായ ഷെഫീക്ക് , മാതാവ് റഫീക്ക ബീവി ,സുഹൃത്ത് അൽ അമീൻ എന്നിവർക്ക് പ്രൊഡക്ഷൻ വാറണ്ട്. പ്രതികളെ 30 ന് ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 450 ( ജീവപര്യന്ത തടവുശിക്ഷിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനക്കൈയേറ്റം) , 376 (2)(എൻ) (ആവർത്തിച്ച് ബലാൽസംഗം ചെയ്യൽ), 302 (കൊലപാതകം) , പോക്സോ നിയമത്തിലെ 4 (2) , 3 (എ) , 6 , 5 (2) , 21(2) എന്നീ വകുപ്പുകൾ ചുമത്തി സെഷൻസ് കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ ജഡ്ജി എം. പി. ഷിബു ഉത്തരവിട്ടത്.
2020 ഡിസംബർ 13 മുതൽ തുമ്പില്ലാതിരുന്ന പോക്സോ പീഡന കൊലപാതകമാണ് 2022 ൽ തെളിഞ്ഞത്. 2022 ജനുവരിയിൽ നടന്ന വിഴിഞ്ഞം പനവിള ശാന്തകുമാരി കൊലക്കേസ് പ്രതികളായ റഫീക്കയുടെയും ഷെഫീക്കിന്റെയും കുറ്റസമ്മത മൊഴിയിലാണ് ഇതേ പ്രതികൾ 2020 ഡിസംബർ 13ന് കോവളം ആഴാകുളത്ത് അയൽവീട്ടിലെ 14 കാരിയെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊന്ന സംഭവം പുറത്ത് വന്നത്. വളർത്തു മകൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പേരിൽ ഒരു വർഷം പൊലീസിന്റെ പീഡനത്തിനിരയായവരാണ് ഗീത - ആനന്ദ ചെട്ടിയാർ ദമ്പതികൾ.
ശാന്തകുമാരിയുടെ കൊലക്കേസ് അന്വേഷണത്തിനിടെയാണ് 1 വർഷം മുമ്പ് നടന്ന അരും കൊലയുടെ ചുരുളഴിഞ്ഞത്. കേസിലെ പ്രതികളായ റഫീക്കാ ബീവിയും മകൻ ഷെഫീക്കും പെൺകുട്ടിയെ തങ്ങളാണ് കൊലപ്പെടുത്തിയതെന്നു വെളിപ്പെടുത്തി. അതുവരെ പൊലീസിന്റെ വേട്ടയാടലും നാട്ടുകാരുടെ ഒറ്റപ്പെടലും സഹിച്ചു കഴിയുകയായിരുന്നു നിരപരാധികളായ പെൺകുട്ടിയെ 14 വർഷമായി എടുത്തു വളർത്തിയ ഗീത - ആനന്ദ ചെട്ടിയാർ വൃദ്ധ ദമ്പതികൾ.
2020 ഡിസംബർ 13 നാണ് വൃദ്ധ ദമ്പതികളുടെ വളർത്തു മകൾ ലൈംഗിക പീഡനത്തിരയായി കൊല്ലപ്പെടുന്നത്. ദമ്പതികളുടെ വീടിനടുത്താണ് റഫീക്കയും മകൻ ഷെഫീക്കും വാടകയ്ക്കു താമസിച്ചിരുന്നത്. രക്ഷിതാക്കൾ തൊഴിലുറപ്പ് ജോലിക്കു പോകുമ്പോൾ ഷെഫീക്ക് പലതവണ കുട്ടിയെ പീഡിപ്പിച്ചു. വിവരം കുട്ടി രക്ഷിതാക്കളെ അറിയിക്കുമെന്നായപ്പോഴാണ് ഇരുവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. എന്നാൽ രക്ഷിതാക്കളെ പ്രതിയാക്കാനാണ് കോവളം പൊലീസ് ശ്രമിച്ചത്. തുടർന്ന് 2020 ഡിസംബറിൽ ആസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് കുറവ് ചെയ്ത് പോക്സോ പീഡന കൊലക്കേസിന് 2022 ജനുവരിയിൽ കേസ് രജിസ്റ്റർ ചെയ്തു. 2022 ജൂൺ 23 ന് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പെൺകുട്ടിയുടെ തല ഭിത്തിയിൽ ശക്തിയായി ഇടിപ്പിക്കുകയായിരുന്നു. ബോധം കെട്ട് നിലത്തു വീണ പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി ഷെഫീഖ് സമ്മതിച്ചതായ കുറ്റസമ്മത മൊഴി വിഴിഞ്ഞം പൊലീസ് കോടതിയിൽ ഹാജരാക്കി.
'' ഞങ്ങൾക്കു സംഭവിച്ചതുപോലെ ഇനി ആർക്കും സംഭവിക്കരുത്. ഉപദ്രവിച്ച പൊലീസുകാർക്കെതിരെ കേസിനു പോകാനില്ല. കേസ് കൊടുത്താലും നഷ്ടപ്പെട്ട മകളെ തിരിച്ചു കിട്ടില്ലല്ലോ. ചെയ്തത് തെറ്റാണെന്ന് ആ പൊലീസുകാർക്കു മനസിൽ തോന്നിയാൽ മതി'- എന്നാണ് കോവളം ആഴാകുളത്തെ വീട്ടിലിരുന്ന് ഗീത പറഞ്ഞത്.
ഗീതയുടെ വാക്കുകൾ ഇപ്രകാരമായിരുന്നു. - ' പൊലീസുകാർക്കെതിരെ കേസിനു പോകുന്നില്ല. അങ്ങനെ പോയാലും മരിച്ചു പോയ മകൾ തിരിച്ചു വരില്ലല്ലോ. പൊലീസുകാർക്കെതിരെ ഇനി നടപടി വന്നിട്ട് എന്തു കാര്യം? അനുഭവിക്കാനുള്ളതെല്ലാം ഒരു വർഷത്തിനിടെ അനുഭവിച്ചു. കേസിനൊന്നും പോകുന്നില്ല. അനുഭവിച്ച യാതന ഓർക്കുമ്പോൾ പറഞ്ഞു പോകുന്നതാണ്. അവര് മനസ് കൊണ്ടു വിചാരിക്കട്ടെ, ചെയ്തത് തെറ്റാണെന്ന്. പൊലീസുകാർ എന്നെ ശാരീരികമായി ഉപദ്രവിച്ചില്ല. ഭർത്താവിനെ ഭിത്തിയിൽ ചേർത്തു നിർത്തി കാലിന്റെ വെള്ളയിൽ അടിച്ചു. അടി മാത്രമാണെങ്കിൽ അതു മാഞ്ഞുപോകും.
പൊലീസുകാരുടെ സംഭാഷണം ക്രൂരമായിരുന്നു. ആ സംഭാഷണം കേട്ടപ്പോൾ ഇതൊക്കെയാണോ പൊലീസ് സ്റ്റേഷനിൽ നടക്കുന്നതെന്നു തോന്നിപ്പോയി. കൊച്ചിനെ പൈസയ്ക്കു വിറ്റതാണെന്നൊക്കെ പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ വിളിക്കുന്ന ദൈവത്തിനു ശക്തിയുണ്ടെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. അയൽവാസികളായിരുന്നു റഫീക്കയും ഷെഫീക്കും. എന്റെ കൂടെ ഉണ്ടായിരുന്ന അവർ ചതിച്ചു. വീടിനടുത്തിരുന്ന് ഈ ചതി ചെയ്യുമെന്നു കരുതിയില്ല. അന്നു ശരിയായി റഫീക്കയെ ചോദ്യം ചെയ്തിരുന്നെങ്കിൽ സത്യം പുറത്തു വരുമായിരുന്നു. മകളുടെ കൊലപാതകിയെന്ന് പ്രചാരണം ഉണ്ടായതോടെ നാട്ടുകാർ ഒറ്റപ്പെടുത്തി.
ഒരു വർഷമായി വീടിനു പുറത്തിറങ്ങിയിട്ടില്ല. എന്നെ കാണുമ്പോൾ അയൽവാസികൾ വീട്ടിനുള്ളിലേക്കു കയറിപ്പോകും. തൊഴിലുറപ്പിനു പോകുമ്പോൾ കുറ്റപ്പെടുത്തും. സ്ത്രീധനം കൊടുക്കാൻ മടിച്ചിട്ടാണ് മകളെ കൊന്നതെന്നു പറയും. പൊലീസ് നിരന്തരം മാസസികമായി പീഡിപ്പിച്ചപ്പോൾ ഞാൻ കുറ്റം ഏറ്റു. പക്ഷേ തെളിവില്ലാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയില്ല. ഇനി ഒരു അമ്മയെയും പൊലീസ് ഇങ്ങനെ ചെയ്യരുത്. റേഷൻ ഉള്ളതുകൊണ്ടാണ് പട്ടിണിയില്ലാതെ പോകുന്നത്. ക്യാൻസർ രോഗിയാണ്. ചികിൽസയ്ക്കും ബുദ്ധിമുട്ടാണ്'-ഗീത പറയുന്നു.കൊലപാതക കുറ്റം അടിച്ചേൽപ്പിക്കാൻ പൊലീസ് മൃഗീയമായ മർദ്ദനമുറകളാണ് ദമ്പതികൾക്ക് മേൽ നടത്തിയത്.
മക്കളില്ലാത്ത ഇവർ 14 വർഷം മുൻപാണ് പെൺകുട്ടിയെ വളർത്തു മകളായി ജീവിതത്തിലേക്കു കൊണ്ടുവന്നത്. ഇല്ലായ്മകൾ നിറഞ്ഞ ജീവിതത്തിലും അതൊന്നു അറിയിക്കാതെയാണ് 14 കൊല്ലം മകളായി വളർത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടിയെ നാളത്തെ ജീവിതത്തിന്റെ തണലായാണ് ദമ്പതികൾ കണ്ടത്. അപ്പോഴാണ് വിധി ദുരന്തമായി എത്തിയത്. പെൺകുട്ടിയുടെ കൊലപാതകം നടത്തിയത് ഇവരാണെന്നു പറഞ്ഞപ്പോൾ ആദ്യം അയൽക്കാരും വിശ്വസിച്ചില്ല. എന്നാൽ പൊലീസ് കുറ്റം ആരോപിച്ചപ്പോൾ അവരും അത് ഏറ്റു ചൊല്ലി.
യഥാർഥ കൊലപാതകികളെ കണ്ടെത്തിയപ്പോൾ ഈ രക്ഷിതാക്കൾക്ക് ഇതു രണ്ടാം ജന്മമായി. കൊലപാതക കുറ്റം അടിച്ചേൽപ്പിക്കാൻ പൊലീസ് സ്വീകരിച്ച ക്രൂരത ആനന്ദ ചെട്ടിയാർ ഓർത്തെടുത്തപ്പോൾ കേട്ടു നിന്നവർപോലും ഞെട്ടിപ്പോയി. 'ഒരുപാട് തവണ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചു. ഭിത്തിയിൽ ചേർത്തു നിർത്തി കാലിന്റെ വെള്ളയിൽ അടിച്ചു. കുറേ നാൾ പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല.'-ആനന്ദചെട്ടിയാർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്