- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് പേർ കീഴടങ്ങിയത് അവർക്ക് തോന്നിയപ്പോൾ; രണ്ട് പേരെക്കുറിച്ച് യാതൊരു വിവരവുമില്ല; കോഴിക്കോട് മെഡിക്കൽ കോളേജ് മർദനകേസിൽ ഒളിവിലുള്ളവർ തങ്ങളുടെ 'കൈകൾക്കപ്പുറമെന്ന്' പൊലീസ്
കോഴിക്കോട്:മെഡിക്കൽ കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥനെ ആശുപത്രി കവാടത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുമാസം കഴിഞ്ഞിട്ടും തുടർനടപടികളിൽ ഇഴഞ്ഞുനീങ്ങി പൊലീസ്.അക്രമം നടന്നതിനുശേഷം ഏറെ നാൾ ശ്രമിച്ചിട്ടും പൊലീസിന് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിരുന്നില്ല.കേസിൽ പ്രതികളായ ഏഴുപേരും ഡിവൈഎഫ്ഐ. പ്രവർത്തകരായിരുന്നു.അവസാനം പ്രതികളിൽ അഞ്ചുപേർ അവർക്ക് തോന്നിയപ്പോൾ നടക്കാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമായിരുന്നു.
എന്നാൽ മറ്റ് രണ്ടു പ്രതികളെ ഇനിയും പിടിക്കാൻ കഴിഞ്ഞിട്ടില്ല.ആറാംപ്രതിയായ കോഴിക്കോട് കോവൂർ കരുങ്കുമ്മൽ വീട്ടിൽ നിഖിൽ സോമൻ (33), ഏഴാംപ്രതി ദേവഗിരി കോളേജിനു സമീപമുള്ള കിഴക്കെപറമ്പത്ത് ജിതിൻലാൽ (24) എന്നിവരാണവർ. അതേ സമയം വയനാട്ടിൽ സുഹൃത്തുക്കളും പാർട്ടിക്കാരുമൊരുക്കിയ സംരക്ഷണത്തിൽ സുഖവാസത്തിലാണെന്നാണ് സൂചന.ഇത് പൊലീസും സമ്മതിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കൈയ്ക്കുമപ്പുറത്താണ് ഇവരെന്നാണ് അവർ പറയുന്നത്.
അതേസമയം ജിതിൻലാൽ ഈ മാസം 14 ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു.ഇത് പരിഗണിക്കുന്നത് ഈ മാസം 31 നാണ്. അത് വരെ ഇരുവരും ഒളിവിൽ തുടരാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം. ഇവരുടെ വീടുകളിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടറുടെ കീഴിലുള്ള അന്വേഷണസംഘത്തിന് പ്രതികളെ പിടികൂടാൻ സാധിക്കാത്തതിനാലാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണറുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് ചുമതല നൽകിയതെന്ന് പൊലീസ് ഉന്നതോദ്യോഗസ്ഥർ പറയുന്നു. ഓഗസ്റ്റ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേ സമയം കേസിന്റെ പുരോഗതി വിലയിരുത്തിവരുകയാണെന്നും ഇരുവരും ഒളിവിൽപ്പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരമെന്നും ഉത്തരമേഖല ഐ.ജി. ടി. വിക്രം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ