കോഴിക്കോട്: 80 വയസ് പിന്നിട്ട എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കാപ്പാട് അബ്ദുല്‍ അലി മാസ്റ്റരെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. മാര്‍ച്ച് ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളിലാണ് ചടങ്ങ്. പ്രൊഫ എം എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്യും. അഡ്വ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഹമീദ് ചേന്ദമംഗല്ലൂര്‍, ഇ എ ജബ്ബാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ അലിമാഷിനുള്ള മൊമെന്റോ പ്രൊഫ ടി ജെ ജോസഫ് നല്‍കും. ചടങ്ങില്‍ എ പി അഹമ്മദ്, ജാമിദ ടീച്ചര്‍, സുലൈമാന്‍ പെരിങ്ങത്തൂര്‍ എന്നിവര്‍ സംസാരിക്കും.

തുടര്‍ന്ന് നടക്കുന്ന 'അലിമാഷിന്റെ ലോകം' എന്ന ചര്‍ച്ചാപരിപാടിയില്‍ അബ്ദുല്‍ അലിമാഷ്, പ്രശസ്ത സ്വതന്ത്രചിന്തകനും യുട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവത്തുമായി സംവദിക്കും. തുടര്‍ന്നുള്ള 'വിലക്കുകള്‍, വിലങ്ങുകള്‍, വിവേചനങ്ങള്‍' എന്ന പാനല്‍ ചര്‍ച്ചയില്‍, റഫീഖ് മംഗലശ്ശേരി, യാസിന്‍ ഒമര്‍, ഹസീന മണ്ണടി, ജാഫര്‍ ചളിക്കോട് എന്നിവര്‍ പങ്കെടുക്കും.

ആദരിക്കല്‍ ചടങ്ങില്‍ പ്രെഫസര്‍ ടി ജെ ജോസഫ്, എം എന്‍ കാരശ്ശേരി, ഹമീദ് ചേന്ദമംഗല്ലൂര്‍, ഇ എ ജബ്ബാര്‍, ആരിഫ്ഹുസൈന്‍ തെരുവത്ത്, എ പി അഹമ്മദ്, അഡ്വ അനില്‍കുമാര്‍, ജാമിദ ടീച്ചര്‍, സുലൈമാന്‍ പെരിങ്ങത്തൂര്‍, റഫീഖ് മംഗലശ്ശേരി, യാസിന്‍ ഒമര്‍, ഹസീന മണ്ണടി, ജാഫര്‍ ചളിക്കോട് തുടങ്ങിയവര്‍ സംബന്ധിക്കും. കാപ്പാട് അബ്ദുല്‍ അലി മാസ്റ്റര്‍ എഴുതിയ, 'മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം: ഒരു സമഗ്രപഠനം', 'ശരീഅത്ത് നിയമങ്ങള്‍ മാറ്റേണ്ടതെന്തുകൊണ്ട്' എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി, മതം സൃഷ്ടിച്ച വിലക്കുകളും, വിലങ്ങുകളും, വിവേചനങ്ങളും ചര്‍ച്ചചെയ്യുകയാണ് ഈ സെഷനില്‍ ചെയ്യുന്നത്. എം റിജു സ്വാഗതവും, ഹരീഷ് തങ്കം നന്ദിയും പറയും.

എന്നും മതമൗലികവാദത്തിനെതിരെ

മതമൗലികവാദത്തിനെതിരെ നിലകൊണ്ട കരുത്തുറ്റ ശബ്്ദമായിരുന്നു കാപ്പാട് അബ്ദുല്‍ അലിമാഷിന്റെത്. 1943 ജനുവരി 6-ന് കോഴിക്കോട്ടെ പ്രശസ്തമായ പണ്ഡിത കുടുംബത്തിലാണ് ജനനം. തൃശൂര്‍ ജില്ലയില്‍ ദേശമംഗലത്തിന് അടുത്ത പല്ലൂരിലെ ഖാസിയായിരുന്ന മമ്മിക്കുട്ടി മുസ്ലിയാരുടെ മകന്‍ വി.കുഞ്ഞഹമ്മദ് മുസ്ലിയാര്‍ (കാപ്പാട് വലിയ മുസ്ലിയാര്‍ എന്നാണ് അറിയപ്പെടുന്നത്) ആണ് പിതാവ്. മാതാവ് കാപ്പാട് മാപ്പിളകത്ത് ബീരാന്‍കുട്ടിയുടെ മകളുടെ മകള്‍ ആയിശുമ്മ.

വളരെ ചെറുപ്പത്തിലേ അദ്ദേഹം മത പഠനം തുടങ്ങിയിരുന്നു. ദീര്‍ഘകാലത്തെ ദര്‍സ് പഠനം ഇസ്ലാമിക നിയമങ്ങളില്‍ അഗാധമായ പാണ്ഡിത്യം നല്‍കി. എന്നാല്‍, 1970-ല്‍ സഹഅധ്യാപകനായ കൊയിലാണ്ടി ചെങ്ങോട്ടുകാവിലെ ഈന്തോളി ശങ്കരനുമായുള്ള സൗഹൃദം ജീവിതത്തില്‍ വഴിത്തിരിവായി. മതം അന്ധമായി വിശ്വസിക്കേണ്ട ഒന്നല്ലെന്നും, അത് യുക്തിപൂര്‍വ്വം വിശകലനം ചെയ്യപ്പെടേണ്ടതാണെന്നുമുള്ള തിരിച്ചറിവ് അദ്ദേഹത്തെ ഒരു സജീവ സ്വതന്ത്രചിന്തകനാക്കി മാറ്റി. ഇസ്ലാമിക അനന്തരാവകാശ നിയമത്തിലെ ഗണിതശാസ്ത്രപരമായ വൈരുദ്ധ്യങ്ങളെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ അദ്ദേഹം, നിയമങ്ങള്‍ പലതും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റപ്പെട്ട മനുഷ്യനിര്‍മ്മിതമായ വ്യവസ്ഥകളാണെന്ന് സ്ഥാപിച്ചു.

'അസബ' പോലുള്ള നിയമങ്ങള്‍ക്കെതിരെ അദ്ദേഹം ഉയര്‍ത്തിയ ശബ്ദം ലിംഗനീതിക്കായുള്ള പോരാട്ടത്തിലെ പ്രധാന നാഴികക്കല്ലാണ്.

കേവലം ഒരു പണ്ഡിതന്‍ എന്നതിനപ്പുറം, ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ഒരു വലിയ മനുഷ്യസ്നേഹി കൂടിയാണ് മാസ്റ്റര്‍. സങ്കീര്‍ണ്ണമായ നിയമവശങ്ങള്‍ ലളിതമായി വിശദീകരിച്ചു നല്‍കുന്നതില്‍ അദ്ദേഹം എന്നും സന്നദ്ധനാണ്. കോടികളുടെ സ്വത്തുകേസുകളില്‍ സുപ്രീംകോടതിയില്‍വരെ റഫറന്‍സായി വന്നത് മുസ്ലീം പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച അലിമാഷിന്റെ പുസ്തകമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645006727, 9645889585