മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് കെ പി സി സി വിലക്കേർപ്പെടുത്തി. അച്ചടക്കസമിതി തീരുമാനമെടുക്കുംവരെ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം. വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചത് അച്ചടക്കലംഘനം തന്നെ എന്ന് വ്യക്തമാക്കി കെപിസിസി ഷൗക്കത്തിന് വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഈ കത്തിന് ആര്യാടൻ ഷൗക്കത്ത് മറുപടി നൽകിയ ശേഷമാകും അച്ചടക്ക സമിതി യോഗം ചേരുക.

അതേസമയം, പാർട്ടി നിർദ്ദേശം അനുസരിക്കുമെന്നാണ് ആര്യാടൻ ഷൗക്കത്ത് അറിയിക്കുന്നത്. വിലക്ക് ലംഘിച്ച് പരിപാടി നടത്തിയാൽ വിഭാഗീയ പ്രവർത്തനമായി കാണുമെന്ന് മുന്നറിയിപ്പ് നൽകി ആര്യാടൻ ഷൗക്കത്തിന് കെപിസിസി നേരത്തെ കത്ത് നൽകിയിരുന്നു. ഈ കത്തിന് ഷൗക്കത്ത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് കെപിസിസി വ്യക്തമാക്കുന്നത്.