- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമടത്ത് സിപിഐ കുടുംബങ്ങൾക്ക് കോൺഗ്രസ് അംഗത്വം നൽകി കെപിസിസി അദ്ധ്യക്ഷൻ; ഇടതുമുന്നണിയുടെ നയവ്യതിയാനങ്ങൾ അണികൾക്ക് ബോധ്യപ്പെട്ടുവെന്ന് കെ സുധാകരൻ
കണ്ണൂർ: ഇടത് മുന്നണിയുടെ നയങ്ങളിലെ വ്യതിയാനം അണികൾക്ക് ബോധ്യമായി കൊണ്ടിരിക്കുകയാണെന്നും പതിറ്റാണ്ടുകളായി പിന്തുടരുന്ന കമ്യൂണിസ്റ്റ് വിശ്വാസം അതു കൊണ്ടു തന്നെ പലരും ഉപേക്ഷിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. നാൽപ്പത്തി നാല് വർഷത്തെ കമ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന ധർമ്മടം നിയോജക മണ്ഡലത്തിലെ സിപിഐ മുൻ ലോക്കൽ സെക്രട്ടറി കൈപ്പത്ത് രവീന്ദ്രനും കുടുംബത്തിനും കോൺഗ്രസ് മെമ്പർഷിപ്പ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വം ചെയ്യുന്ന തെറ്റുകൾ മനസിലാക്കുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു. ഇനിയും പലരും സംഘടനയിലേക്ക് കടന്നുവരാം. ഇടത് മുന്നണി കൺവീനറും സിപിഎം നേതാവുമായ ഇ പി ജയരാജൻ പോലും നേതൃത്വത്തിന്റെ തെറ്റായ കാഴ്ചപ്പാടിൽ പിണക്കത്തിലാണ്. ഏക സിവിൽകോഡിനെതിരെയുള്ള സെമിനാറിൽ സിപിഐ വിട്ടുനിൽക്കുമെന്ന് പറഞ്ഞിരുന്നു. ഇ പി ജയരാജനും സെമിനാറിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നു. ആ പാർട്ടിയിൽ നടക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
1976 മുതൽ സിപിഐയിൽ മെമ്പർഷിപ്പ് എടുത്ത് കഴിഞ്ഞ ജനുവരി മാസം വരെ സിപിഐയിൽ സജീവമായി ഉണ്ടായിരുന്നുവെന്ന് രവീന്ദ്രൻ പറഞ്ഞു. ഇന്ന് കമ്യൂണിസം എന്ന് പറയുന്നത് ചിലരിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. കമ്യൂണിസത്തിൽ വന്ന അപചയത്തിൽ മനം നൊന്താണ് സിപിഐയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാറിനെയും ബിജെപിയെയും നേരിടാൻ കഴിവുള്ള പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. അവർ ഈ രണ്ട് ശക്തികൾക്കെതിരെ നിരന്തരം പോരാടി കൊണ്ടിരിക്കുന്നു. കമ്യൂണിസത്തിന്റെ പ്രഖ്യാപിത നയത്തിൽ വലിയ വ്യതിയാനമാണ് നടമാടി കൊണ്ടിരിക്കുന്നത്. കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ചാർജ് വർദ്ധന, കെട്ടിട നികുതി വർദ്ധന,വെള്ളക്കരം കൂട്ടിയത്.
വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തോൽക്കുകയും അതേ സമയം പഠിക്കാതെ പരീക്ഷ എഴുതാതാത്ത വിദ്യാർത്ഥികൾ വിജയിക്കുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നു. ഒരു കമ്യൂണിസ്റ്റ് ഭരണത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇതിനെ എതിർക്കാൻ സിപിഐക്ക് സാധിക്കുന്നില്ല. വെളിയം ഭാർഗ്ഗവൻ, പി കെ വി തുടങ്ങിയ പ്രഗൽഭരായ നേതാക്കൾ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും അതിനാലാണ് താനും കുടുംബവും കോൺഗ്രസിൽ ചേരുന്നതെന്നും രവീന്ദ്രൻ പറഞ്ഞു.
രവീന്ദ്രനും ഭാര്യ മഹിജയും മകൾ അഞ്ജുനയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാന്നിധ്യത്തിൽ ഡിസിസി ഓഫീസിൽ വച്ചാണ് കോൺഗ്രസിൽ ചേർന്നത്. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കെ സി മുഹമ്മദ് ഫൈസൽ, കെ പി സാജു, രജിത്ത് നാറാത്ത്, ടി ജയകൃഷ്ണൻ, കെ വി ജയരാജൻ, കുന്നുമ്മൽ ചന്ദ്രൻ ,പി ടി സനൽകുമാർ,ദിലീപൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.




