കോട്ടയം: പട്ടികജാതി- വർഗ അവകാശ പത്രിക പ്രകാശനം തിങ്കളാഴ്ച കോട്ടയത്ത്. കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് 'പ്രതിധ്വനി' എന്ന പേരിൽ സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന സംഗമത്തിൽ അവകാശപത്രിക പ്രകാശനം ചെയ്യും.

ഭൂമിക്കും വിദ്യാഭ്യാസത്തിനും തൊഴിലും വേണ്ടിയുള്ള പ്രക്ഷോഭത്തിന് ദലിത് - ആദിവാസി സംയുക്ത സമിതിയുടെ സംസ്ഥാന കമ്മിറ്റിയാണ് അവകാശപത്രിക തയാറാക്കിയത്. മിച്ചഭൂമി പിടിച്ചെടുത്ത് കേരളത്തിലെ ഭൂരാഹിത്യം പരിഹരിക്കുന്നയെന്നത് വർത്തമാനകാലത്തെ മിത്താണ്. മിച്ചഭൂമിയുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഏതാനും കേസുകൾ കോടതിയുള്ളത്. മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരാഹിത്യം പരിഹരിക്കാനാവില്ലെന്ന് പത്രിക പറയുന്നു.

നിവേദിത പി. ഹരൻ മുതൽ ഡോ. എം.ജി രാജമാണിക്യം വരെ സർക്കാരിന് നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 1947ന് മുമ്പ് വിദേശ കമ്പനികൾ കൈവശം വെച്ചിരുന്ന തോട്ടംഭൂമി നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നാണ് പത്രികയിലെ ഒന്നാമത്തെ ആവശ്യം.

കേരളത്തിലെ 28ൽ അധികം ദലിത് ആദിവാസി സംഘടനകൾ പരിപാടിയിൽ പങ്കെടുക്കും. സമ്മേളനം ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സംയുക്ത സമിതി ചെയർമാൻ കെ.കെ. സുരേഷ് അധ്യക്ഷത വഹിക്കും. ഖജാൻജി അഡ്വ. വി.ആർ. രാജു സ്വാഗതവും ജോ. കൺവീനർ എം ടി. സനീഷ് നന്ദിയും പറയും. അവകാശങ്ങളെ സംബന്ധിച്ചും പ്രക്ഷോഭത്തിന്റെ തുടർ കാര്യങ്ങളെ സംബന്ധിച്ചുമുള്ള പ്രഖ്യാപനം സമിതിയുടെ വൈസ് ചെയർമാൻ പി.കെ. സജീവ് നടത്തും.