തൃശ്ശൂർ: കാർഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള വിപുലമായ പാക്കേജാണ് 'കൃഷിദർശൻ' എന്ന് റവന്യൂമന്ത്രി കെ രാജൻ. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥർ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച്അവരുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയാണ്. കേവലമായ അദാലത്തുകൊണ്ട് അവസാനിപ്പിക്കുകയല്ല, മറിച്ച് അനുഭവങ്ങളിൽ നിന്ന് തൊട്ടറിയാൻ കർഷകർക്കിടയിലേയ്ക്ക് ഇറങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. കൃഷിദർശൻ പരിപാടിക്ക് ഒല്ലൂക്കര ബ്ലോക്കിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ പ്രമുഖ കാർഷിക ശാസ്ത്രജ്ഞന്മാർ ഒല്ലൂക്കര കേന്ദ്രീകരിച്ച് ബ്ലോക്കിന്റെ അടുത്ത നാല് വർഷത്തേയ്ക്കുള്ള 'വിഷൻ ഒല്ലൂക്കര 2026' അവതരിപ്പിക്കും. കർഷകരോട് സംവദിച്ചും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കിയുമാണ് 'വിഷൻ ഒല്ലൂക്കര 2026' അവതരിപ്പിക്കുന്നത്. കേരളത്തിന്റെ കാർഷിക മേഖലയിൽ ശ്രദ്ധേയമായ ഇടപെടലാകും കൃഷിദർശൻ പരിപാടിയെന്നും മന്ത്രി പറഞ്ഞു.

പുതിയ കാലത്തേയ്ക്കുള്ള സമീപനം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കർഷകരെ ബോധ്യപ്പെടുത്തുന്നതായിരിക്കും വെറ്റിനറി കോളേജിന്റെ ഗ്രൗണ്ടിൽ നടക്കുന്ന പ്രദർശനം. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മൂല്യ വർദ്ധിത ഉത്പന്നങ്ങളായി മാറ്റാൻ വീടുകളിൽ തന്നെ സൗകര്യം ഒരുക്കൽ തുടങ്ങി എങ്ങനെ നമ്മുടെ കൃഷി രീതികളെ മാറ്റാം എന്നത് സംബന്ധിച്ചുള്ള അടിസ്ഥാന പാഠങ്ങൾ കൂടി കൃഷിദർശൻ നൽകുമെന്നും മന്ത്രി പറഞ്ഞു.

മാറി വരുന്ന കേരളത്തിന്റെ കാലാവസ്ഥയിലും കർഷകന് സുസ്ഥിരമായൊരു ജീവിതം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. കാലാവസ്ഥ വ്യതിയാനം തിരിച്ചറിഞ്ഞുള്ള കാർഷിക പ്ലാനുകളാണ് ഈ കാലത്ത് അനിവാര്യം. വിള അധിഷ്ഠിത കൃഷിയിൽ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ കാർഷിക പ്ലാനാണ് തയ്യാറാക്കുന്നത്. ഒരു വിളയ്ക്ക് പകരം വൈവിധ്യങ്ങളായിട്ടുള്ള വിളകൾ കൊണ്ട് കൃഷിയിടങ്ങളെ സമ്പന്നമാക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഭാസങ്ങൾ കൃഷി ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കൂടി മറികടക്കാനുള്ള കാർഷിക പ്ലാനാണ് സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം ദുരന്തങ്ങൾ വിടാതെ പിന്തുടരുന്ന നാടായി കേരളം മാറികഴിഞ്ഞിരിക്കുകയാണ്. തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മറ്റും കാരണം വിള അധിഷ്ഠിത കൃഷിയിൽ നിന്ന് ഫാം പ്ലാൻ കൃഷിയിലേയ്ക്ക് കർഷകർ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാകുന്നതിന് ഒപ്പം തന്നെ ഭക്ഷ്യയോഗ്യമായത് കഴിക്കാനായി സാധ്യമാകുന്നിടത്തെല്ലാം കൃഷി ആരംഭിച്ച് എല്ലാവരും കൃഷിയിടങ്ങളിലേയ്ക്ക് പോവുക എന്ന മുദ്രാവാക്യമാണ് സർക്കാർ അവതരിപ്പിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് സംസ്ഥാനത്ത് കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചത്. അയൽക്കൂട്ടങ്ങളെ പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് ഇതുവരെ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളിലൂടെ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇടപെടലുകളാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

29 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കാർഷിക പ്രദർശനത്തിൽ കാർഷിക സർവകലാശാല ഉൾപ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും. മണ്ണുത്തി വെറ്ററിനറി സർവ്വകലാശാല ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎഅധ്യക്ഷനായി. മേയർ എം കെ വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ കെ സിനിയ, ബ്ലോക്ക് മെമ്പർ സിനി പ്രദീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവിന്ദ്രൻ, ഇന്ദിര മോഹനൻ, ശ്രീവിദ്യ രാജേഷ്, കൃഷി അഡീഷ്ണൽ ഡയറക്ടർ ജോർജ് അലക്സാണ്ടർ, വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഒല്ലൂക്കര ബ്ലോക്കിലെ കർഷകരും കർഷക തൊഴിലാളികളും അവതരിപ്പിക്കുന്ന നാടൻ കലാപരിപാടികൾ അരങ്ങേറി.