തിരുവനന്തപുരം: ജെ.ഡി.എസ് സംസ്ഥാന പാർട്ടിയായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതുകൊണ്ട് കേരളത്തിൽ വേറിട്ട് നിൽക്കുന്നതിൽ നിയമപ്രശ്‌നമില്ലെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി. ജെ.ഡി.എസ് കേരള എന്ന പേരിൽ തങ്ങൾ വേറിട്ട് നിൽക്കുകയാണ്. ദേശീയ നേതൃത്വവുമായുള്ള ചർച്ചയൊക്കെ അവസാനിച്ചു. ഇനി ചർച്ചക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്ര പറഞ്ഞു പിരിഞ്ഞതെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.

കേരളത്തിലെ ജനതാദളാണ് യാഥാർഥ പാർട്ടി. ഞങ്ങൾ സ്വതന്ത്രമായാണ് നിൽക്കുക. പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ് പാർട്ടി കെട്ടിപ്പടുത്തത്. കേരളഘടകം ആ പ്രത്യയശാസ്ത്രം നഷ്ടപ്പെടുത്തിയിട്ടില്ല. രണ്ടു സംസ്ഥാനങ്ങളിൽ മാത്രമേ പാർട്ടിക്ക് രജിസ്‌ട്രേഷനുള്ളൂ. കേരളത്തിലും കർണാടകയിലും. പല പാർട്ടികളും ഇങ്ങനെ ചെയ്തിട്ടുണ്ട്.

അതുകൊണ്ട് നിയമപ്രശ്‌നം വരില്ലെന്നാണ് വിശ്വാസം. ഇത് വ്യക്തികളുടെ പേരിലുണ്ടായ പാർട്ടിയല്ല. ആശയങ്ങളുടെ പേരിൽ രൂപം കൊണ്ടതാണ്. ആശയതലത്തിൽ ഐക്യമുള്ളവരുടെ യോജിപ്പാണ് ഇപ്പോൾ ആവശ്യം. ഇതുവരെ മത്സരിച്ചത് സംസ്ഥാന പാർട്ടിയായാണ്. തെരഞ്ഞെടുപ്പ് കമീഷനും ദേശീയപാർട്ടിയായി അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.