പാലക്കാട്: കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ലൈൻമാനായ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസന(40)നാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മുതുതല സെന്ററിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ ഇയാളെ പുറത്ത് കാണാതായതിനെ തുടർന്ന് അടുത്ത വീട്ടിൽ താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് പട്ടാമ്പി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ശ്രീനിവാസൻ മുതുതല കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്യുകയായിരുന്നു. എലവഞ്ചേരി കരിങ്കുളം കരിപ്പായി സ്വദേശിയാണ് മരിച്ചയാൾ. ഭാര്യ: സനിത. മകൾ: അനേക. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.