മലപ്പുറം: കുടിച്ചു പൂസായി ഓഫീസിലരുന്ന ജീവനക്കാരന്റെ ജോലി പോയി. മഞ്ചേരി വൈദ്യുതിഭവനിൽ കെ.എസ്.ഇ.ബി. വിജിലൻസ് സംഘം കഴിഞ്ഞദിവസം രാത്രി മിന്നൽപരിശോധന നടത്തിയപ്പോഴാണ് ഓഫീസ് പരിസരത്ത് മദ്യപിച്ചനിലയിൽ കണ്ട ജീവനക്കാരനെ കണ്ടത്. ഫോണുകൾ വിളിച്ചാൽ പ്രതികരിക്കില്ല,കൃത്യമായ സന്ദേശം നൽകില്ല തുടങ്ങി രാത്രി കാലങ്ങളിൽ കെ.എസ്.ഇ.ബി.ക്കെതിരെ നിരവധി പരാതികളാണ് ഉയർന്നു വരാറുള്ളത്.

തിരുവനന്തപുരത്തു നിന്ന് കെ.എസ്.ഇ.ബി. വിജിലൻസ് ഡിവൈ.എസ്‌പി. ദിനേശ്ശുമാറും പൊലീസ് ഇൻസ്‌പെക്ടർ ദിനുവുമാണ് മഞ്ചേരിയിലെ ഓഫീസിലെത്തിയത്. അപ്പോഴാണ് കുടിച്ച് ലക്കുകെട്ട് ഓഫീസിൽ ഇരിക്കുന്നത് കണ്ടത്. നോർത്ത് സെക്ഷനിലെ താൽക്കാലിക ജീവനക്കാരനായതിനാൽ ഇയാളെ ജോലിയിൽ തുടരാൻ അനുവദിക്കരുതെന്ന് വിജിലൻസ് സംഘം നിർദേശിച്ചു.