തിരുവനന്തപുരം: കെടുകാര്യസ്ഥത കൊണ്ട് പൊറുതി മുട്ടിയ കെഎസ്ആർടിസിയിൽ തൊട്ടതെല്ലാം പിഴക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. മെക്കാനിക്കിനെ കണക്കുനോക്കാനേൽപ്പിച്ചപ്പോൾ കെ.എസ്.ആർ.ടി.സി.യിൽ കണക്കുകാണാനില്ലെന്നതാണ് സ്ഥിതി. തമ്പാനൂർ ഡിപ്പോയിൽനിന്ന് 1.17 ലക്ഷം രൂപ കാണാതായതോടെയാണ് പാളിച്ച പുറത്തായത്.

ഇപ്പോൾ അത് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ. പുനഃക്രമീകരണത്തിന്റെ ഭാഗമായി ജോലി ഇല്ലാതായവരെ പുനർവിന്യസിച്ചപ്പോഴാണ് മെക്കാനിക്കുകളെയും ബ്ലാക്ക്സ്മിത്തുകളെയും പരിശീലനം നൽകാതെ കാഷ് കൗണ്ടറിൽ നിയോഗിച്ചത്.

ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് തമ്പാനൂർ ഡിപ്പോയിൽ കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയത്. ഡീസൽക്ഷാമം രൂക്ഷമായപ്പോൾ സ്വകാര്യപമ്പുകളിൽനിന്ന് ഇന്ധനംനിറച്ച കാലയളവിലാണ് ക്രമക്കേടുണ്ടായത്. ബില്ലുകൾ ഇല്ലാത്തതാണ് പിഴവായി കണ്ടെത്തിയത്. എന്നാൽ, ബില്ലുകൾ കൃത്യമായി ഹാജരാക്കിയിരുന്നെന്നും ഇവ മാഞ്ഞുപോയതാണ് പ്രശ്‌നമെന്നും ജീവനക്കാർ പറയുന്നു.

അക്ഷരങ്ങൾ മാഞ്ഞുപോകുന്നതിനാൽ സ്വകാര്യപമ്പുകളിലെ ഇ-മെഷീൻ ബില്ലുകൾ ഏറെക്കാലം സൂക്ഷിച്ചുവെക്കാനാവില്ല. അതത് ദിവസത്തെ കണക്ക് പരിശോധിച്ചതിനുശേഷമാണ് തുക ബാങ്കിൽ അടയ്ക്കുക. മാസങ്ങൾകഴിഞ്ഞ് നടന്ന പരിശോധനയിലാണ് ബില്ലുകൾ കാണാതായത്. ജീവനക്കാർ പകർപ്പ് സൂക്ഷിച്ചുമില്ല. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. എല്ലാ ഡിപ്പോകളിലും പരിശോധന തുടങ്ങിയിട്ടുണ്ട്.