തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ചുവെന്ന് ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 ാം നമ്പർ ചെമ്പൂര്- വെള്ളറട ബസിലാണ് പെൺകുട്ടി ഛർദിച്ചത്.

ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കവെ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്‌ബെയ്‌സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും ചേർന്ന് ബസ് കഴുകി വൃത്തിയാക്കി. ഇതിനുശേഷമാണ് പോകാൻ അനുവദിച്ചത്.

ബസ് വൃത്തിയാക്കാൻ പ്രത്യേക ജീവനക്കാരുള്ളപ്പോഴാണ് യാത്രക്കാരായ രണ്ട് പെൺകുട്ടികളെക്കൊണ്ട് ബസ് കഴുകിച്ചത്.ബസ് കഴുകേണ്ടിവന്ന പെൺകുട്ടിയുടെ അച്ഛനും കെ എസ് ആർ ടി സിയിലെ ഡ്രൈവറാണ്. സംഭവത്തെക്കുറിച്ച് പരാതി നൽകിയോ എന്ന് വ്യക്തമല്ല.