കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിലേക്ക് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നേരത്തെ, ഗുരുതരമായി പരിക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റു നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

തിരുമ്പാടി ലിസ ആശുപത്രിയിൽ 12 പേരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചുവെന്നും നിലവിൽ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

ഇന്ന് ഉച്ചക്ക് 1.30യോടെയാണ് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് മറിഞ്ഞത്. ഇടുങ്ങിയ പാതയിലെ കലുങ്കിലിടിച്ച് ബസ്സ് പുഴയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പുഴയിലേക്ക് മറിഞ്ഞത് ബസ്സിന്റെ മുൻ ഭാഗമായിരുന്നു. ബസ്സിന്റെ മുൻഭാഗത് ഇരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ക്രയിൻ ഉപയോഗിച്ച ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്. പുഴയിലും തിരച്ചിൽ നടത്തി. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിക്ക് പോകുന്ന ബസ് ആയിരുന്നു അപകടത്തിൽപ്പെട്ടത്. ഫയർ ഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവത്തനം നടത്തിയത്. അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ ലഭ്യമായിട്ടില്ല.

മുക്കത്ത് നിന്ന് തിരുവമ്പാടിയിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.