കണ്ണൂർ: മദ്യപിച്ച് കെ എസ് ആർ ടി സി ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് ഇരിട്ടി വഴി കോട്ടയത്തേക്ക് രാത്രി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ എടക്കാട് സ്വദേശി താഴത്ത് വീട്ടിൽ സി. കെ. ലിജേഷിനെയാണ് അറസ്റ്റിലായത്. ബസോടിക്കുന്നതിനിടെയുണ്ടായ ഒരു അപകടമാണ് ഇയാളെ കുടുക്കിയത്.

ഞായറാഴ്ച വൈകുന്നേരം കണ്ണൂരിൽ നിന്നും കീഴ്പ്പള്ളിയിലേക്കുള്ള യാത്രക്കിടെ ഇരിട്ടി കീഴൂരിൽ വെച്ച് ബസ് കാറുമായി ഉരസുകയായിരുന്നു. തുടർന്ന് കാർ യാത്രക്കാരുടെ സംശയമാണ് ഡ്രൈവറെ ഇരിട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസ് പരിശോധിക്കാൻ ഇടയാക്കിയത് .
ഇരിട്ടി സി ഐ കെ. ജെ. ബിനോയ്, എസ് ഐ എം. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഡ്രൈവർ ലിജേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയനാക്കിയപ്പോൾ ആണ് ഇയാൾ മദ്യപിച്ചതായി തെളിഞ്ഞത്.

തുടർന്നാണ് ഡ്രൈവർ ലിജേഷിനെ അറസ്റ്റ് ചെയ്തത്. യാത്രക്കാർക്കും ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതായും പറയുന്നുണ്ട്. ഇതോടെ കീഴ്പ്പള്ളിയിലേക്കുള്ള സർവീസ് മുടങ്ങി. ഈ ബസ്സിൽ കീഴ്പ്പള്ളിയിൽ എത്തി കോട്ടയത്തേക്ക് യാത്രക്കാരുമായി പോകേണ്ടതായിരുന്നു. ബസ്സിലെ യാത്രക്കാരുടെയും റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് വാഹന യാത്രക്കാരുടെയും ജീവന് തന്നെ ഭീഷണി തീർക്കുന്ന രീതിയിൽ ഡ്രൈവർ മദ്യപിച്ച് ബസ്സ് ഓടിച്ചത് പൊലീസ് ഗൗരവമായിട്ടാണ് എടുത്തിരിക്കുന്നത്.

മദ്യപിച്ചു ബസോടിച്ച താൽക്കാലിക ഡ്രൈവറെ പിരിച്ചുവിടുമെന്നാണ് കെ. എസ്. ആർ.ടി.സിയിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെ കണ്ണൂർ ഡിപ്പോയിൽ നിന്നുംമദ്യലഹരിയിൽ കെ.സ്വിഫ്റ്റോടിച്ച ബസ് ഡ്രൈവറായ താൽക്കാലിക ജീവനക്കാരനെ ഒഴിവാക്കിയിരുന്നു. ഇയാളിൽ നിന്നും മാഹിയിൽ നിന്നും കൊണ്ടുവന്ന മദ്യകുപ്പികളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പൊലിസ് റെയ്ഡ് നടത്തി അറസ്റ്റു ചെയ്തത്.