- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ സഹായിച്ചില്ലെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകണം; 50 കോടി പ്രതിമാസ വായ്പയെടുക്കാൻ ആനവണ്ടികൾ; ഈടുവെക്കാൻ ഇനി വസ്തു വകകളില്ലെങ്കിലും പഴയ ഈടിന്മേൽ എസ്.ബി.ഐ വായ്പ നൽകും; പിണറായി സർക്കാരിനെപ്പോലെ കടത്തിന് മേൽ കടമെടുത്ത് മുടിയാൻ കെ.എസ്.ആർ.ടി.സിയും
തിരുവനന്തപുരം:ജീവനക്കാർക്ക് ശമ്പളം നൽകാൻ സ്ഥിരം പ്രതിമാസ വായ്പയെടുക്കാൻ കെ.എസ്.ആർ.ടി.സി.സർക്കാർസഹായം വൈകിയാലും എല്ലാമാസവും കൃത്യമായി ശമ്പളംനൽകാനാണ് കെ.എസ്.ആർ.ടി.സി 50 കോടി വായ്പ എടുക്കുന്നത്.എസ്.ബി.ഐ.യും കെ.എസ്.ആർ.ടി.സിയുമായി ഇതുസംബന്ധിച്ച് ധാരണയായി.
കെ.എസ്.ആർ.ടി.സി യുടെ ദിവസവരുമാനത്തിൽ നിന്നും തിരിച്ചയടയ്ക്കുന്ന വ്യവസ്ഥയിൽ ഏതാനും മാസങ്ങളായി ഓവർഡ്രാഫ്റ്റായി എസ്.ബി.ഐ വഴി 50 കോടി രൂപ ലഭിച്ചിരുന്നു.എന്നാൽ സ്ഥിരമായി ഓവർഡ്രാഫ്റ്റ് നൽകാൻ കഴിയില്ലെന്ന് പറഞ്ഞ ബാങ്ക് പ്രതിമാസ വായ്പയായി തുക നൽകാമെന്ന ഉപാധിയാണ് വെച്ചത്.ഇതോടെയാണ് 50 കോടി രൂപ പ്രതിമാസവായ്പ പരിഗണിച്ചത്. ഒരോ മാസത്തെക്കും ആവശ്യമെങ്കിൽ ഹ്രസ്വകാല വായ്പയായി 50 കോടി രൂപ അനുവദിക്കാൻ തയാറാണെന്നാണ് എസ്.ബി.ഐ. അറിയിച്ചിരിക്കുന്നത്.
പ്രതിമാസ വായ്പ അനുവദിക്കുന്നതോടെ മാസം തോറുമുള്ള ജീവനക്കാരുടെ ശമ്പള പ്രശ്‌നം പരിഹരിക്കാനൊരു താൽക്കാലിക മാർഗ്ഗമാകുമെങ്കിലും ഇതിൽ നിന്നും എന്ത് ലാഭമാണ് സ്ഥാപനമെന്ന നിലയിൽ കെ.എസ്.ആർ.ടി.സി ക്ക് ഉണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രശ്‌നം.നിലവിൽ നഷ്ടത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന കെ.എസ്.ആർ.ടി.സി യെ എത്രകാലം ഇങ്ങനെ കടവും വായ്പയും സർക്കാർ സഹായവുമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും എന്ന ചോദ്യവും ഉയരുന്നു.ഈ സാഹചര്യത്തിലും സംസ്ഥാന സർക്കാരിനെപ്പോലെ സാമ്പത്തികാവസ്ഥ മോശം അവസ്ഥയിലെത്തിയാലും വീണ്ടും കടമെടുക്കാനുള്ള പ്രവണത കെ.എസ്.ആർ.ടി സിയെ പൂട്ടലിന്റെ അവസ്ഥയിലാകും എത്തിക്കുക.
അതേ സമയം ഇത്തരത്തിൽ വായ്പ അനുവദിക്കുന്നതിന് ബാങ്ക് ഈട് ആവശ്യപ്പെട്ടു.പക്ഷേ കടപ്പെടുത്താൻ മറ്റു വസ്തുവകകൾ ഇല്ലാത്തതിനാൽ നിലവിൽ ഈടുവെച്ചിട്ടുള്ള വസ്തുതന്നെ പരിഗണിക്കാൻ കെ.എസ്.ആർ.ടി.സി. നിർദ്ദേശിച്ചു.ഇത് എസ്.ബി.ഐ. അംഗീകരിച്ചതോടെയാണ് ഹ്രസ്വകാല വായ്പയ്ക്ക് വഴിതെളിഞ്ഞിരിക്കുന്നത്.നേരത്തെ 50 കോടി രൂപയുടെ ഓവർഡ്രാഫ്റ്റിന് മാസം 48 ലക്ഷം എസ്.ബി.ഐക്ക് പലിശനൽകിയിരുന്നു.വായ്പയാകുന്നതോടെ പലിശയിൽ കുറവുണ്ടാകും.
നിലവിലും മിക്കവാറും എല്ലാ മാസങ്ങളിലും 50 കോടി രൂപയോളം സർക്കാർ സഹായമായി കെ.എസ്.ആർ.ടി സിക്ക് ലഭിച്ചുവന്നിരുന്നു.എന്നാൽ പലപ്പോഴും ഇത് ശമ്പളത്തിന് പോലും തികഞ്ഞിരുന്നില്ല എന്നതാണ് വസ്തുത.ആ അവസ്ഥ നിലനിൽക്കെയാണ് പലിശ അടക്കേണ്ട തരത്തിലെ പ്രതിമാസ വായ്പയെടുക്കാൻ നഷ്ടത്തിലായ ഒരു സ്ഥാപനം മുന്നോട്ട് വരുന്നത് എന്നതും ശ്രദ്ധേയമാണ്.അതേസമയം ഈ മാസം കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട സർക്കാർസഹായം സംബന്ധിച്ച ഫയലിൽ തീരുമാനം ആയിട്ടില്ല.




