തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഉൾപ്പടെ എല്ലാ ഹെവി വാഹനങ്ങളിലും മുൻനിര യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നവംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എ.ഐ കാമറകൾ വന്നതിന് ശേഷം ട്രാഫിക് നിയമലംഘനങ്ങൾ കുറഞ്ഞുവെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. സെപ്റ്റംബറിൽ മാത്രം എംപിമാരുടേയും, എംഎ‍ൽഎമാരുടേയും വാഹനങ്ങൾ 52 തവണ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ട്.

ജൂൺ അഞ്ച് മുതൽ വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് 102 കോടി രൂപയുടെ ചെലാനുകൾ നൽകി. ഇതിൽ പിഴയായി 14 കോടി ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകൾ വെർച്വൽ കോടതിയിലേക്കും പിന്നീട് ഓപ്പൺ കോർട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.