കണ്ണൂർ: കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിൽ കൊട്ടാരക്കരയിൽ നിന്നും കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയവർക്ക് കുടിയാന്മലയിൽ സ്വീകരണം നൽകി. പൈതൽമല സ്‌നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജു കൊന്നയ്ക്കൽ, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട് ബെന്നി ന്യൂസ്റ്റാർ എന്നിവരാണ് സ്വീകരണത്തിന് നേതൃത്വം നൽകിയത്.

വെള്ളിയാഴ്ച വൈകിട്ട് കൊട്ടാരക്കരയിൽ നിന്നും പുറപ്പെട്ട സന്ദർശകർ കണ്ണൂരിലെ വിസ്മയ പാർക്ക്, സ്‌നേക്ക് പാർക്ക്, പറശ്ശിനി മുത്തപ്പൻ ക്ഷേത്രം, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, വയലപ്ര ഫ്‌ളോട്ടിങ് പാർക്ക് എന്നിവ സന്ദർശിച്ചു.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സംരംഭം മലയോര മേഖലയുടെ ടൂറിസം വികസനത്തിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ പറഞ്ഞു. കണ്ണൂർ യൂണിറ്റ് ടൂറിസം കോ-ഓർഡിനേറ്റർ കെ ആർ തൻസീർ, കൊട്ടാരക്കര യൂണിറ്റ് ടൂറിസം കോ-ഓർഡിനേറ്റർ മനുമോൻ, ഡ്രൈവർ പ്രേംലാൽ എന്നിവർ യാത്രക്ക് നേതൃത്വം നൽകി.