തിരുവനന്തപുരം:വനിതാ കണക്ടറുടെ സീറ്റിൽ പുരുഷന്മാർ ഒപ്പമിരിക്കേണ്ടെന്ന ഉത്തരവ് വീണ്ടുമിറക്കി കെ.എസ്.ആർ.ടി.സി.വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി അറിയിച്ചിരിക്കുന്നത്. രണ്ടു വർഷം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു.എന്നാൽ യാത്രക്കാർ വേണ്ടരീതിയിൽ ഉത്തരവ് ചെവിക്കൊള്ളാത്തതിനെ തുടർന്ന് ഇപ്പോൾ ബസുകളിൽ കെ.എസ്.ആർ.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്.

ചില സമയങ്ങളിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് 2020ൽ കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. എന്നാൽ പല യാത്രക്കാർക്കും ഉത്തരവ് സംബന്ധിച്ച് അറിവില്ലായിരുന്നു. വനിതാ കണ്ടക്ടർമാർ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളിൽ നോട്ടീസ് പതിപ്പിക്കാൻ തീരുമാനിച്ചത്. നോട്ടീസ് പതിപ്പിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വൻവാദപ്രതിവാദങ്ങളും നടക്കുകയാണ്.