കൊച്ചി:പൂത്തോട്ട എസ്.എൻ. ലോ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിനിടെ കെ.എസ്.യു. ക്ലാസ് പ്രതിനിധി പ്രവീണയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് വിദ്യാർത്ഥികൾ അറസ്റ്റിൽ.കുണ്ടന്നൂർ സ്വദേശിനി രാജേശ്വരി (21), കോലഞ്ചേരി സ്വദേശി സിദ്ധാർത്ഥ് ഷാജി (21), തലയോലപ്പറമ്പ് സ്വദേശി അതുൽ ദേവ് (21), ചേലാമറ്റം സ്വദേശിനി ഗോപിക (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് കേസന്വേഷിക്കുന്ന ഉദയംപേരൂർ പൊലീസ് അറിയിച്ചു.പ്രവീണയുടെ അയൽവാസിയും സുഹൃത്തുമായ സമീപ കോളേജിലെ വിദ്യാർത്ഥിനി തനിക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൂടെ വരണമെന്നും പറഞ്ഞ് പ്രവീണയെ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.പ്രവീണയെ കൊണ്ടുപോയ കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അറസ്റ്റിലായവരെ ജാമ്യത്തിൽ വിട്ടു.

പ്രവീണയെ തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റിയ ശേഷം ആശുപത്രിയിലേക്കൊന്നും പോകാതെ, തിരഞ്ഞെടുപ്പ് ഭാരവാഹികളുടെ നോമിനേഷൻ സമയം കഴിയും വരെ വണ്ടിയുമായി തൃപ്പൂണിത്തുറ ഭാഗത്ത് കറങ്ങിയ ശേഷം നടക്കാവിൽ ഇറക്കിവിട്ടെന്നാണ് പരാതി.ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ കെ.എസ്.യു.വും എസ്.എഫ്.ഐ.യും ഒമ്പത് സീറ്റ് വീതം നേടിയിരുന്നു.തുടർന്ന് നടക്കേണ്ടിയിരുന്ന യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനു മുമ്പായി പ്രവീണയെ എസ്.എഫ്.ഐ.ക്കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് കെ.എസ്.യു. ആരോപണം. തട്ടിക്കൊണ്ടുപോകലിനെ തുടർന്ന് കെ.എസ്.യു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും എസ്.എഫ്.ഐ.ക്കാരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കെ. എസ്.യു. പരാതി നൽകി.ആവശ്യമുന്നയിച്ച് കെ.എസ്.യു. പ്രവർത്തകർ കോളേജിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. സംസ്ഥാന പ്രസിഡന്റ് അലോഷി സേവ്യർ ഉദ്ഘാടനം ചെയ്തു. കെപിസിസി. ജന. സെക്രട്ടറി ദീപ്തി മേരി വർഗീസ് പ്രവീണയെ സന്ദർശിച്ചു.