- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മ പാലത്തിന്റെ പേര് 'പാത്തുമ്മ' എന്ന് മാറ്റിയില്ല; ഹിന്ദു-മുസ്ലിം അകൽച്ചയോ വിദ്വേഷമോ ഇല്ല; ബംഗ്ലാദേശിലെ അമ്പലത്തിൽ ജോലി ചെയ്യുന്നവർക്കും ശമ്പളം സർക്കാർ ഖജനാവിൽ നിന്നും; മോദിയും അമിത് ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണമെന്ന് കെ.ടി ജലീൽ
മലപ്പുറം:ഇതര മതങ്ങൾക്ക് പ്രാധാന്യം നൽകുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും ബംഗ്ലാദേശിനെ കണ്ട് പഠിക്കണമെന്ന് കെ.ടി ജലീൽ.അവിടെയുള്ള ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിലെ ഐക്യം അവരെ ഭരിക്കുന്നവരുടെ കൂടി കഴിവിന്റെ ഫലമാണ്.മതത്തിന്റെ പേരിൽ തങ്ങൾക്കോ മറ്റാർക്കെങ്കിലുമോ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് ഡാക്ക മലയാളി അസോസിയേഷന്റെ ഭാരവാഹികളായ അഭിലാഷ് കരിച്ചേരിയും സെബാസ്റ്റ്യൻ നെല്ലിശേരിയും പറഞ്ഞെന്നും ബംഗ്ലാദേശ് സന്ദർശനത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജലീൽ പറയുന്നു.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ചെയ്യുന്ന ചരിത്ര വൈകൃതങ്ങളും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന മുസ്ലിം വിരുദ്ധ നീക്കങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കണമെന്നും തന്റെ കുറിപ്പിൽ ജലീൽ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 20 കോടിയിലധികം വരും.മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനം.എന്നാൽ ദൊർഭാഗ്യമെന്നു പറയെട്ടെ അവരെ പ്രതിനിധീകരിച്ച് ഒരു എംപിയോ മന്ത്രിയോ ബിജെപി സർക്കാരിലില്ലെന്നും ജലീൽ ചൂണ്ടിക്കാണിച്ചു.സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ആദ്യ അനുഭവമാണിത്.നേരത്തെ ഉണ്ടായിരുന്ന മന്ത്രിക്ക് ന്യൂനപക്ഷ ക്ഷേമവും ഹജ്ജും വഖഫും മാത്രമാണ് നൽകിയത്.
മുക്താർ നഖ് വിയുടെ രാജ്യസഭാ കാലാവധി തീർന്നപ്പോൾ പകരം മറ്റൊരാളെ രാജ്യസഭയിലേക്ക് എത്തിക്കാൻ ബിജെപി തയ്യാറായില്ല.അതോടെ നാമമാത്ര മുസ്ലിം പ്രാതിനിധ്യവും ഇല്ലാതായി.ഒരു പൊതു വകുപ്പ് ഒന്നാം മോദി സർക്കാരിലും രണ്ടാം മോദി സർക്കാരിലും പ്രബല ന്യൂനപക്ഷ വിഭാഗത്തിലെ ഒരാൾക്ക് കൊടുക്കാൻ ഭരണക്കാർ സന്മനസ്സ് കാണിച്ചില്ലെന്നും ഒരു ജനവിഭാഗത്തെ അധികാരികൾ അവിശ്വസിക്കുന്നു എന്ന തോന്നൽ സൃഷ്ടിക്കാൻ ഇതിടയാക്കിയാൽ അൽഭുതപ്പെടാനില്ലെന്നും ജലീൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ബംഗ്ലാദേശിലെ കാര്യം നേരെ മറിച്ചാണ്.88% മുസ്ലിങ്ങളാണ്. ക്രൈസ്തവരും ബുദ്ധമതക്കാരും കൂടി 2%. ഷേയ്ക്ക് ഹസീനയും അവരുടെ സർക്കാരും എല്ലാ മതവിഭാഗക്കാരെയും ഉൾകൊള്ളാനാണ് ശ്രമിക്കുന്നത്.ഷെയ്ക്ക് ഹസീനയുടെ മന്ത്രിസഭയിലെ ക്യാബിനറ്റ് റാങ്കുള്ള ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ബംഗ്ലാ ന്യൂനപക്ഷമായ ഹൈന്ദവ സമുദായത്തിലെ സധൻചന്ദ്ര മജുംദാർ.സ്വപൻ ബട്ടാചാർജി തദ്ദേശ വകുപ്പിന്റെ സഹമന്ത്രിയായും പ്രവർത്തിക്കുന്നു.ബുദ്ധമതക്കാരനായ ബിർ ബഹദൂർ ഉഷ്യേ സിങ് മലയോര വികസന വകുപ്പ് സഹ മന്ത്രിയായും മന്ത്രിസഭയിലുണ്ട്.ജനസംഖ്യയുടെ 10% ഹിന്ദുമത വിശ്വാസികളാണ് (ഏകദേശം ഒന്നരക്കോടി) ഉള്ള രാജ്യത്താണ് ഇതെന്നു മറക്കരുത്.
ബംഗ്ലാദേശിലെ ദേശീയ ക്ഷേത്രമായ ഡാക്കേശ്വരി മന്ദിറും ദേശീയ മസ്ജിദായ ബൈതുൽ മുഖറമും സന്ദർശിച്ചു. ഡാക്കയുടെ ദേവതയാണ് ഡാക്കേശ്വരി. ദേശീയ ക്ഷേത്രം കേന്ദ്രീകരിച്ച് നടക്കുന്ന ദുർഗ്ഗാപൂജ ബംഗ്ലാ സർക്കാരിന്റെ മേൽനോട്ടത്തിലാണ് കൊണ്ടാടപ്പെടുന്നത്. ആവശ്യമായി വരുന്ന പണം മുഴുവൻ സർക്കാർ നൽകുന്നു. മന്ദിറിൽ ജോലി ചെയ്യുന്നവർക്കുള്ള ശമ്പളം കൊടുക്കുന്നതും സർക്കാർ ഖജനാവിൽ നിന്നാണ്.
6.8 കിലോമീറ്റർ ദൂരത്തിൽ ബംഗ്ലാദേശിലെ പത്മ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ബ്രിഡ്ജ് പത്മ പാലം എന്നാണ് ഇന്നും അറിയപ്പെടുന്നത്. അതിന് 'പാത്തുമ്മ' പാലം എന്ന് നാമകരണം ചെയ്ത് വികൃതമാക്കിയാലത്തെ സ്ഥിതി എന്താകും? പഴമയും പാരമ്പര്യവും നില നിർത്താൻ ബംഗ്ലാദേശക്കാർ ബദ്ധശ്രദ്ധരാണ്.അവർ നാരായൺ ഗഞ്ചിന്റെ പേരുമാറ്റാൻ തുനിഞ്ഞിട്ടേയില്ല. ഗോപാൽ ഗഞ്ച് ഇന്നും അതേ പേരിൽ തുടരുന്നു.ഷിദ്ദിത് ഗഞ്ചും തഥൈവ.എന്നാൽ നമ്മുടെ രാജ്യത്തെ സ്ഥിതിയോ? മുഗൾ ഓർമ്മകളെ മായ്ച്ചു കളയാൻ അലഹബാദിനെ പ്രയാഗ് രാജാക്കിയതും ഫൈസാബാദിനെ അയോദ്ധ്യയാക്കിയതും മുഗൾസറായ് റെയിൽവെ സ്റ്റേഷന്റെ പേര് ദീൻദയാൽ ഉപാദ്ധ്യായ റെയിൽവെ സ്റ്റേഷനെന്നാക്കി മാറ്റിയതും സമീപകാലത്താണല്ലോ എന്നും ജലീൽ ഓർമ്മിപ്പിക്കുന്നു.
ഡാക്കാ യൂണിവേഴ്സിറ്റിയിൽ തകർക്കപ്പെടാതെ ഉയർന്ന് നിൽക്കുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയും ക്യാമ്പസിനകത്തെ ക്ഷേത്രവും സർവകലാശാലക്കകത്തെ ആർ.സി മജുംദാർ ഹാളും ആ നാടിന്റെ മതനിരപേക്ഷതയുടെ പ്രതീകങ്ങളാണ്. ഇന്ത്യയുടെ എക്കാലത്തെയും മഹാനായ കവി രവീന്ദ്രനാഥ ടാഗോറിന്റെ 'അമാർ ശ്വനാർ ബംഗ്ലാ' (സ്വർണ്ണത്തിളക്കമുള്ള ബംഗ്ലാ) എന്ന് തുടങ്ങുന്ന വരികളാണ് ബംഗ്ലാദേശ് അവരുടെ ദേശീയ ഗാനമായി നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്നത്.
യു.പി ഉൾപ്പടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണാധികാരികൾ ചെയ്യുന്ന ചരിത്ര വൈകൃതങ്ങളും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടത്തുന്ന മുസ്ലിം വിരുദ്ധ നീക്കങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കണമെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിക്കുമെന്ന് കണ്ടറിയണമെന്നും പറഞ്ഞാണ് ജലീലിന്റെ കുറിപ്പ് അവസാനിക്കുന്നത്.




