തിരുവനന്തപുരം: കേരളാ ട്രാൻസ്‌പോർട് ഡവലപ്‌മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ ഹൈക്കോടതിയിൽ ഹർജി. സർക്കാർ ഗ്യാരന്റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്‌സ് ആണ് ഹർജി നൽകിയത്. വിഷയത്തിൽ കെടിഡിഎഫ്സിയെ ഹൈക്കോടതി വിമർശിച്ചു.

എന്തുകൊണ്ടാണ് കെടിഡിഎഫ്സി പണം നൽകാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണം കൊണ്ടാണെന്ന് കെഡിഎഫ്‌സി മറുപടി നൽകി. അങ്ങിനെയെങ്കിൽ കേസിൽ റിസർവ് ബാങ്കിനെ കക്ഷിയാക്കുമെന്ന് കോടതി വ്യക്തമാക്കി. പണം നിക്ഷേപിച്ചവർക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം നേരിട്ടു. ഇത്തരം സ്ഥാപനങ്ങളിൽ ആലോചനയില്ലാതെ പണം നിക്ഷേപിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി പൂട്ടലിന്റെ വക്കിലാണ്. ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് അടക്കം നഷ്ടമായേക്കുമെന്ന സ്ഥിതിയാണ്. നിക്ഷേപകർ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചുനൽകാനില്ലാതെ പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനം.