തിരുവനന്തപുരം: ഗവർണ്ണറുടെ ഉത്തരവ് പ്രകാരം താത്ക്കാലിക ചുമതല ഏറ്റെടുക്കാനെത്തിയ കെ.ടി.യു വൈസ് ചാൻസിലർ സിസ തോമസിനെ കാമ്പസിൽ പ്രവേശിപ്പിക്കാതെ തടഞ്ഞു.എസ്.എഫ്.ഐ പ്രവർത്തകരും ഇടതുപക്ഷ അനുകൂല സംഘടനാ ജീവനക്കാരും ചേർന്നാണ് താൽക്കാലിക ചുമതല ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ തടഞ്ഞത്.സർക്കാരിന്റെ ശുപാർശ തള്ളിക്കൊണ്ട് ഗവർണർ കഴിഞ്ഞദിവസമാണ് സിസയ്ക്ക് കെ.ടി.യു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകിയത്.

ഇതിന് പിന്നാലെയാണ് ഇന്ന് അവർ സ്ഥാനം ഏറ്റെടുക്കാനായി സാങ്കേതിക സർവ്വകലാശാലാ ക്യാമ്പസിലേക്ക് എത്തിയത്.ഗവർണ്ണറുടെ നിർദ്ദേശവുമായി സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി ഏതെങ്കിലും വി സി മാർ എത്തിയാൽ അവരെ സ്ഥാനം ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് ഗവർണ്ണർ-സർക്കാർ പോരിനിടയിൽ എസ്.എഫ്.ഐ പറഞ്ഞിരുന്നു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കെടിയു വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ് രാജശ്രീയെ സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടർന്നാണ് പുതിയ ആൾക്ക് ചുമതല നൽകിക്കൊണ്ട് ഗവർണ്ണർ ഉത്തരവിറക്കിയത്.പുതിയ ആൾക്ക് വി സിയുടെ ചാർജ് നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച ശുപാർശകൾ ഗവർണർ അവഗണിക്കുകയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് വിസിയുടെ ചുമതല നൽകുകയുമായിരുന്നു.

സർവ്വകലാശാലയിലേക്കെത്തിയ സിസ തോമസിനെ ആദ്യം എസ്.എഫ്.ഐ പ്രവർത്തകരും പിന്നീട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലുമാണ് തടഞ്ഞത്.പിന്നീട് സിസ ജോസഫ് ഓഫീസിലെത്തി കസേരയിൽ ഇരുന്നു. എന്നാൽ കെ.ടി.യു രജിസ്ട്രാർ സ്ഥലത്തില്ലാത്തതിനാൽ അവർക്ക് ജോയിനിങ് റിപ്പോർട്ടിൽ ഒപ്പുവെക്കാൻ കഴിഞ്ഞില്ല.