പാലക്കാട്: കുടുംബശ്രീ സ്ഥാപക ദിനമായ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഒന്നാം കുടുംബശ്രീ ദിനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും കുടുംബശ്രീ സരസ്മേള തൃത്താലയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചാലിശ്ശേരി ഡോ. അംബേദ്കർ ഹാളിൽ നടന്ന 'ഒരുമയുടെ പലമ' ചാലിശ്ശേരി സി.ഡി.എസിന് കീഴിലെ കുടുംബശ്രീ രജത ജൂബിലി ആഘോഷവും സാംസ്‌കാരിക സദസും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷത്തെ കുടുംബശ്രീയുടെ പ്രവർത്തനം സ്ത്രീ ജീവിതങ്ങളെ തിരുത്തിക്കുറിച്ചു. കുടുംബശ്രീ സ്ത്രീകളെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രീയമായും ശാക്തീകരിച്ചു. സ്ത്രീ സംരംഭകർക്ക് വിജയിക്കാനാവും എന്ന് തെളിയിച്ചു. സ്ത്രീകളുടെ ജീവിതം കുടുംബശ്രീക്ക് മുൻപും പിമ്പും എന്ന നിലയിലേക്ക് അത് മാറ്റി. ഏത് പ്രധാനപ്പെട്ട ജോലിയും വിശ്വസിച്ച് ഏൽപ്പിക്കാൻ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി.

സംസ്ഥാനത്തെ അതിദരിദ്ര്യരെ കണ്ടെത്താനുള്ള സർവ്വേയ്ക്ക് വലിയ പണച്ചെലവും സമയവും വിവിധ സർവ്വേ ഏജൻസികൾ ആവശ്യപ്പെട്ടപ്പോൾ വെറും 15 ദിവസം കൊണ്ടാണ് കുടുംബശ്രീ കൃത്യമായ കണക്കുകൾ നൽകിയത്. അത് സാമൂഹ്യനീതി വകുപ്പ് നൽകിയ കണക്കുമായി ഒത്തുപോകുന്നത്ര മികച്ചതും ആയിരുന്നു. കുടുംബശ്രീക്ക് സർക്കാർ കൂടുതൽ ഉത്തരവാദിത്വം നൽകാനാണ് ആലോചിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച രീതിയിൽ കുടുംബശ്രീയുടെ പ്രവർത്തനത്തെ എത്തിക്കും. സമൂഹത്തിൽ കുടുംബശ്രീ എത്താത്ത മേഖലകളില്ല.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സൈന്യമാണ് ഹരിതകർമ്മ സേന. നിലവിൽ 31,000 പേർ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കൂടുതൽ അംഗങ്ങളെ ചേർത്ത് കൂടുതൽ ശക്തിപ്പെടുത്തും. കഴിഞ്ഞദിവസം ആരംഭിച്ച വാട്ടർ മെട്രോ മുതൽ വിമാനത്താവളങ്ങളിൽ വരെ കുടുംബശ്രീയുടെ പ്രവർത്തനം എത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പരിപാടിയിൽ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യാസുരേന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ ലതാ സൽഗുണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.കെ ചന്ദ്രദാസ്, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി. സുനിത, തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് കലാസാംസ്‌കാരിക പരിപാടികളും നടന്നു.