മരട്: കുണ്ടന്നൂർ ദേശീയപാത മേൽപ്പാലത്തിൽ രണ്ടു കണ്ടെയ്നർ ലോറികൾ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്‌ച്ച പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. കൊല്ലത്തു നിന്നും കശുവണ്ടിയുമായി ഏലൂരിലേക്ക് വരുന്ന വഴി കുണ്ടന്നൂർ മേൽപ്പാലത്തിൽ വൈറ്റില ഭാഗത്തേക്ക് വരുന്ന ഭാഗത്തായി പാലത്തിലെ അശാസ്ത്രീയ കട്ടിങാണ് അപകടത്തിന് കാരണമായത്.

പാലത്തിൽ ഒരു ഭാഗം താഴ്ന്നു കുഴി പോലെ കിടക്കുന്ന ഭാഗമായതിനാൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. മുമ്പിലുണ്ടായിരുന്ന മറ്റൊരു ലോറി പാലത്തിലെ ഈ കട്ടിങ് കണ്ടതോടെ പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകെ വരികയായിരുന്ന മറ്റു രണ്ടു ലോറികളും പിറകെ ഇടിക്കുകയായിരുന്നു. എന്നാൽ ആദ്യം ബ്രേക്ക് ചവുട്ടിയ ലോറി ഇതറിയാതെ നിർത്താതെ ഓടിച്ചുപോവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ലോറികളുടെ മുൻവശത്തെ ചില്ല് പൊട്ടുകയും മുൻവശത്ത് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ല.