- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേർന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയത്; ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ല; സമസ്തയ്ക്ക് കുഞ്ഞാലിക്കുട്ടിയുടെ പരോക്ഷ വിമർശനം
കോഴിക്കോട്: സി ഐ സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തിൽ സമസ്തക്ക് പരോക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് കുടുംബവും, സമസ്തയും പണ്ഡിതരുമെല്ലാം ചേർന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമർശം. ആരും ഒറ്റ ദിവസം കൊണ്ട് വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമസ്തയുടെ വിലക്ക് നിലനിൽക്കേ പാണക്കാട് കുടുംബത്തിലെ പ്രമുഖർ സനദ് ദാന സമ്മേളനത്തിൽ ഉടനീളം പങ്കെടുക്കുന്നതും ശ്രദ്ധേയമായി.
പോഷക സംഘടനാ നേതാക്കൾ സി ഐ സിയുടെ കോഴിക്കോട് നടക്കുന്ന വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കണമെന്നായിരുന്നു സമസ്ത ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് സമ്മേളന വേദിയിൽ വെച്ച് തന്നെ സമസ്തയെ പി കെ കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമർശിച്ചത്. നവോത്ഥാനത്തിനായി എല്ലാവരും അണിനിരന്നിട്ടുണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി നവമാധ്യമങ്ങൾ ഉപയോഗിക്കേണ്ടത് ഐക്യത്തിന് വേണ്ടിയാകണമെന്നും ഓർമ്മിപ്പിച്ചു.
സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബത്തിലെ പ്രമുഖരെല്ലാം തന്നെ സമ്മേളനത്തിനെത്തി. വൈകിട്ട് നടന്ന സനദ് ദാന പരിപാടിയിലാണ് എസ് വൈ എസ് പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, റഷീദലി തങ്ങളും, അബ്ബാസ് അലി തങ്ങളും പങ്കെടുത്തത്. സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങൾ കാലത്ത് തന്നെ സമ്മേളന വേദിയിലെത്തിയിരുന്നു. എന്നാൽ ആരും സമസ്തക്കെതിരെ വിമർശനം ഉന്നയിച്ചില്ല. ഇസ്ലാമിക കോളേജുകളിൽ നിർദ്ദേശിച്ച മാറ്റങ്ങളുൾപ്പെടെ നടപ്പാക്കാത്തതിനെച്ചൊല്ലിയായിരുന്നു സമസ്ത സി ഐ സിയുമായി ഇടഞ്ഞത്.
അതേസമയം, വിലക്ക് ലംഘിച്ച് പാണക്കാട് സാദിഖലി തങ്ങളുൾപ്പെടെ സി ഐസി പരിപാടിയിൽ പങ്കെടുത്തതിൽ കടുത്ത അമർഷത്തിലാണ് സമസ്ത. സി ഐ സിയുടെ അഫിലിയേഷനിൽ നിന്നും സമസ്തക്ക് സ്വാധീനമുള്ള കോളേജുകളെ പിൻവലിപ്പിക്കാനും അവർ ആലോചിക്കുന്നുണ്ട്.




