- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുസാറ്റ് ദുരന്തം: നിലവിലെ അന്വേഷണം തൃപ്തികരമല്ല; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയിൽ
തിരുവനന്തപുരം: കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹൈക്കോടതിയെ സമീപിച്ചു. കുസാറ്റ് കാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികളുൾപ്പടെ നാലു പേർ മരണമടകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നിലവിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് കെ. എസ്.യു ചൂണ്ടിക്കാട്ടുന്നത്. കുറ്റക്കാരായ രജിസ്ട്രാർ, യൂത്ത് വെൽഫെയർ ഡയറക്ടർ, സെക്യൂരിറ്റി ഓഫീസർ എന്നിവർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല എന്ന് ഹർജിയിൽ ആരോപിക്കുന്നു.
കേരളത്തിലെ സർവകലാശാല കാമ്പസിലുണ്ടായ ആദ്യ സ്റ്റാമ്പിഡ് വിഷയമെന്ന ഗൗരവത്തോടെ ഇക്കാര്യത്തിൽ ഗവൺമെന്റിനും നിയമസഭക്കും വൈസ് ചാൻസലർ റിപ്പോർട്ട് സമർപ്പിച്ച് ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സ്‌ക്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പാളിന്റെ സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് സർവകലാശാല അധികൃതർ അവഗണിച്ചത് ദുരന്തത്തിന് ആക്കം കൂട്ടി. ദുരന്തശേഷം അദ്ദേഹത്തെ ബലിയാടാക്കി സസ്‌പെൻഡ് ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്ന സിൻഡിക്കേറ്റ് ഉപസമിതിയിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സ്വാധീനവും കെ.എസ്.യു നൽകിയ ഹർജ്ജിയിൽ ചൂണ്ടിക്കാട്ടി.
ചട്ടവിരുദ്ധമായി യൂത്ത് വെൽഫെയർ സ്ഥാനത്ത് എത്തിയ പി.കെ ബേബിയെ ആദ്യം അന്വേഷണത്തിനായുള്ളസിൻഡിക്കേറ്റ് ഉപസമിതിയിൽ ഉൾപ്പെടുത്തുകയും വിവാദമായപ്പോൾ അത് പിൻവലിക്കുകയും ചെയ്‌തെങ്കിലും നിലവിൽ നടത്തുന്ന അന്വേഷണത്തിൽ വഴിവിട്ട ഇടപെടലുകൾ നടത്തുന്നതായും സംസ്ഥാന പ്രസിഡന്റ് ആരോപിച്ചു.
അപകടം ഉണ്ടായിട്ടും ആ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുക എന്നുള്ളതിനപ്പുറം മറ്റൊരു ലക്ഷ്യവുമില്ലാതെ കമീഷൻ റിപ്പോർട്ടുകൾ പോലും വരുന്നതിനുമുമ്പ് സംഘാടകരായ വിദ്യാർത്ഥികളാണ് കുറ്റക്കാർ എന്ന് വരുത്തി തീർക്കുവാനായി യൂനിവേഴ്‌സിറ്റിയും അധികാരികളും ശ്രമിക്കുന്നുണ്ട്.
വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ വിദ്യാർത്ഥികളാണ് ഉത്തരവാദികൾ എന്ന മുൻ വിധിയോടെ പത്രക്കുറിപ്പ് പോലും ഇറക്കുന്ന സാഹചര്യം യൂനിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമ്പോൾ നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ അന്വേഷണം ഈ വിഷയത്തിൽ നടത്തണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം. തിരുവനന്തപുരം സി. എ . ടി എഞ്ചിനീയറിങ് കോളജ് ഓണാഘോഷത്തിനിടെ ജീപ്പ് അപകടം-ഹൈക്കോടതി വിധിന്യായത്തിലെ സർവ്വകലാശാലകൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ കുസാറ്റ് അധികൃതർ കാറ്റിൽ പറത്തിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.



