പത്തനംതിട്ട: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) 61 ാം സംസ്ഥാന സമ്മേളനം നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തോളം മാധ്യമ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ മാധ്യമ തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍ ഉള്‍പ്പെടെ സമ്മേളനം ചര്‍ച്ച ചെയ്യും. ഏഴിന് രാവിലെ പത്തിന് പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഗമം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് എവര്‍ഗ്രീന്‍ കോണ്ടിനെന്റലില്‍ സംസ്ഥാന സമിതിയോഗം. വൈകുന്നേരം നാലിന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ടൗണ്‍ സ്‌ക്വയറിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തില്‍ വിളംബര ജാഥ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. അഞ്ചിന് പത്തനംതിട്ട ടൗണ്‍ സ്‌ക്വയറിലെ സി. ഹരികുമാര്‍ നഗറില്‍ ട്രേഡ് യൂണിയന്‍ സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും. വിവിധ ട്രേഡ് യൂണിയന്‍, രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കും.

പത്തനംതിട്ട ജില്ലയിലെ സാമൂഹിക, വിദ്യാഭ്യാസം, ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ.സിജോ പന്തപ്പള്ളി, ഡോ.ഏബ്രഹാം കലമണ്ണില്‍, രാജേഷ് തിരുവല്ല എന്നിവര്‍ക്കും മാധ്യമ ഫോട്ടോഗ്രാഫര്‍ കെ. അബൂബക്കറിനും ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ആദരം അര്‍പ്പിക്കും. രാത്രി ഏഴിന് പാര്‍വതി ജഗീഷും സംഘവും അവതരിപ്പിക്കുന്ന ഗാനമേള.

എട്ടിനു രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പതാക ഉയര്‍ത്തും. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഹാളിലെ ടി.ജെ.എസ്. ജോര്‍ജ് നഗറില്‍ രാവിലെ പത്തിന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍, നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറാര്‍ മധുസൂദനന്‍ കര്‍ത്ത കണക്കും അവതരിപ്പിക്കും.

സ്വാഗതസംഘം ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, ജനറല്‍ കണ്‍വീനര്‍ ബോബി ഏബ്രഹാം, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍, സെക്രട്ടറി ജി. വിശാഖന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.