പത്തനംതിട്ട: ളാഹയിലെ ബസപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എട്ടു വയസുകാരൻ മണികണ്ഠനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മൾട്ടിപ്പിൾ ഇൻജുറിയാണ് കുട്ടിക്കുണ്ടായത്. കരളിന മുറിവുണ്ട്. അയോർട്ടയ്ക്ക് മുറിവേറ്റതായും സംശയിക്കുന്നു.

ഈ കുട്ടിയുൾപ്പെടെ അഞ്ചു പേരെയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. ചിലർക്ക് ശസ്ത്രക്രിയ ആവശ്യമാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലേയും കോന്നി മെഡിക്കൽ കോളജിലേയും ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന വിപുലമായ സംഘമാണ് പരിശോധനകളും ചികിത്സാ ക്രമീകരണങ്ങളും ഒരുക്കുന്നത്.

38 പേരാണ് നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ളത്. ബസിലുണ്ടായിരുന്ന പരുക്കേൽക്കാത്തവർക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി. അവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കും. വിജയവാഡയിൽ നിന്നുള്ള 44 പേരാണ് ബസിലുണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ബസിലുള്ളവരെ രക്ഷപ്പെടുത്തി. പത്തുമണിയോടെ അപകട സ്ഥലത്ത് നിന്നും ബസ് മാറ്റിയിട്ടുണ്ട്. പമ്പയിലേക്കുള്ള ട്രാഫിക്കിലും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയെന്നും മന്ത്രി അറിയിച്ചു.

അപകടം വിവരം അറിഞ്ഞതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, ജില്ലാ കലക്ടർ ഡോ. ദിവ്യ അയ്യർ, പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ എന്നിവർ സ്ഥലത്ത് വന്നു. പമ്പയിൽ സിപിഎം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റംഗം പിബി ഹർഷകുമാർ എന്നിവരടങ്ങിയ സംഘം അപകടത്തിൽപ്പെട്ട ബസിന്റെ തൊട്ടുപിന്നിൽ വാഹനത്തിലുണ്ടായിരുന്നു. ഇവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

അതിവേഗത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ ബസിലുണ്ടായിരുന്ന 44 തീർത്ഥാടകരെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കറ്റ എട്ടുവയസുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. 18 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും മാറ്റി. എല്ലാവർക്കും പ്രഥമശുശ്രൂഷ ലഭ്യമാക്കി.