തിരുവനന്തപുരം: അധ്യയന വർഷത്തിന്റെ മുന്നോടിയായി സ്‌കൂൾ കോളേജ് കുട്ടികളെ ലക്ഷ്യം വെച്ച് ശേഖരിച്ച 10.299 ഗ്രാം മാരക ലഹരിയായ എം ഡി എം എ ബൈക്കിൽ കടത്തിയ വില്പ്നക്കാരായ രണ്ടു യുവാക്കളെ കോടതി എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌റുടെ കസ്റ്റഡിയിൽ വച്ച് 30 മണിക്കൂർ ചോദ്യം ചെയ്യുവാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ.പി.അനിൽകുമാറാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പ്രൊഡക്ഷൻ വാറണ്ടിൽ വിളിച്ചു വരുത്തി എക്‌സൈസ് കസ്റ്റഡിയിൽ വിട്ടത്.

മയക്കുമരുന്ന് ഉറവിടം , ഫാക്ടറി , ഇടനിലക്കാർ എന്നിവരെ പ്രതികളുടെ സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനായാണ് കോടതി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്. ഷിജുവിന് പ്രതികളെ കസ്റ്റഡിയിൽ നൽകിയത്. ഓട്ടോ തൊഴിലാളികളായ തിരുവനന്തപുരം അമ്പലത്തറ സ്വദേശി അൽ അമീൻ (24) , ഗോകുൽ (25) എന്നിവരെ ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാനും കൃത്യത്തിന് സഹായികളും പണം മുടക്കിയവരും നിർമ്മാതാക്കളുമായ കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനാണ് കസ്റ്റഡിയിൽ വിട്ടത്. കരമന എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ ചാക്ക ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ 10.299 ഗ്രാം എം ഡി എം എ വില്പനയ്ക്കായി കൈവശം വച്ച് പരസ്പര ധാരണയോടും കൂട്ടുത്തരവാദിത്തതോടും കൂടി യമഹ ബൈക്കിൽ കടത്തികൊണ്ട് വന്ന കുറ്റത്തിതിനാണ് കേസ് എടുത്തത്. മെയ് 31നാണ് ഇരുവരെയും പിടികൂടിയത്.

അധ്യയനവർഷത്തിന്റെ മുന്നോടിയായി സ്‌കൂൾ കോളേജ് കുട്ടികളെ ലക്ഷ്യം വെച്ച് ശേഖരിച്ചതായിരുന്നു ഈ മയക്കുമരുന്നെന്ന്, ഓട്ടോ തൊഴിലാളികളായ പ്രതികൾ തുടരന്വേഷണത്തിൽ വെളിപ്പെടുത്തിയതായി സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്.ഷിജു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ വേണു നായർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, അൽത്താഫ് മുഹമ്മദ് എന്നിവരും പങ്കെടുത്തു