തിരുവനന്തപുരം: "ജെൻ Z" തലമുറയെക്കുറിച്ചുള്ള പരാമർശത്തിൽ "ജെൻ C" എന്ന് തെറ്റായി രേഖപ്പെടുത്തിയ പി.വി. അൻവറിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ വ്യാപക ട്രോൾ. ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടയുടൻ നിരവധി പേർ പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു. "ജെൻ C" വല്ലാത്തൊരു തലമുറയാണെന്നും ചിന്തകൊണ്ടും പ്രവർത്തികൊണ്ടും "ഹൈലി സോഫിസ്റ്റിക്കേറ്റഡ്" ആയ നമ്മുടെ തന്നെ പുതിയ വേർഷനാണ് അവരെന്നുമാണ് അൻവർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ട്രോളുകൾക്ക് പിന്നാലെ 'ജെൻ C' എന്നെഴുതിയിരുന്നത് 'ജെൻ Z' എന്നാക്കി മാറ്റി.

സംഗീതം, എഴുത്ത്, യാത്രകൾ, സിനിമ, ബിസിനസ്, ആത്മീയത, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും പ്രാവീണ്യമുള്ളവരാണ് ഈ പുതിയ തലമുറയെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ തലമുറ ജീവിതം കെട്ടിപ്പടുക്കുന്നതിന് പുതിയ വഴികൾ ഒരുക്കുകയാണെന്നും, അവരുടെ പുത്തൻ ചിന്തകളെയും നൂതനാശയങ്ങളെയും പിന്തുണയ്ക്കാൻ ഭരണകൂടങ്ങൾക്ക് സാധിച്ചുവോ എന്നത് പ്രസക്തമായ ചോദ്യമാണെന്നും അൻവർ പോസ്റ്റിൽ പറയുന്നു.

അൻവറിന്റെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നിരവധി പേർ തെറ്റ് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും കമന്റുകളുമായി രംഗത്തെത്തി. "GEN C അല്ലെടാ GEN D", "ജെൻ C അല്ല, ജെൻ Z, ആദ്യം പോയി എബിസിഡി പഠിക്ക്", "ഇക്കാ ജെൻ Z ആണേ", "5G❌ Wi-5✅", "Gen Z❌ Gen C" തുടങ്ങിയ ട്രോളുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. പോസ്റ്റിന്റെ പല ഭാഗങ്ങളിലും അൻവർ "ജെൻ Z" എന്നതിന് പകരം "ജെൻ C" എന്ന് ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്.

അന്‍വറിന്‍റെ പോസ്റ്റിന്‍റെ പ്രസക്ത ഭാഗം ( എല്ലായിടത്തും "ജെൻ C" എന്നാണ് പ്രയോഗം)

"സംഗീതം, എഴുത്ത്, യാത്രകൾ, സിനിമ, ബിസിനസ്, ആത്മീയത, രാഷ്ട്രീയം തുടങ്ങി എല്ലാം വഴങ്ങുന്നവരാണ് പുതിയ തലമുറ.

"സുഹൃത്തുക്കളെ" എന്ന വിളിയുമായി സോഷ്യൽ മീഡിയയിലൂടെ നമുക്കു മുമ്പിൽ എത്തുന്ന "ചിത്രനെ" എനിക്കെപ്പോഴും അത്ഭുതമാണ്.

"ജെൻ C" അവർ ജീവിതം കെട്ടിപ്പടുക്കുന്നതിന് പുതിയ വഴികൾ ഒരുക്കുകയാണ്. പുത്തൻ ചിന്തകൾ, നൂതനാശയങ്ങൾ

അവരെ സപ്പോർട്ട് ചെയ്യാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിച്ചുവോ എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. "ജെൻ C" അവരുടെ ആശയങ്ങളും,സ്വപ്നങ്ങളും വ്യത്യസ്തമാണ്. അതിന് പിൻബലമേകാൻ ഭരണകൂടത്തിന് സാധിച്ചാൽ മാത്രമേ ലോകത്തോടൊപ്പം വളരാൻ നമ്മുടെ സമ്പത്ത് വ്യവസ്ഥയ്ക്കും സാമൂഹിക പരിസ്ഥിതിക്കും സാധിക്കുകയുള്ളൂ എന്ന സത്യമാണ് ഭരണകൂടങ്ങൾ ആദ്യം തിരിച്ചറിയേണ്ടത്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉണ്ടാകുന്ന കോടികളുടെ പ്രഖ്യാപനങ്ങളും,സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന പി ആർ വർക്കുകളും വ്യക്തമായി വിവേചന ബുദ്ധിയോടെ തിരിച്ചറിയാൻ സാധിക്കുന്നവർ തന്നെയാണ് "ജെൻ C" . അവരെ അഭിസംബോധനം ചെയ്യുന്നതിൽ നിലവിലുള്ള സംവിധാനങ്ങൾ തീർത്തും പരാജയമാണ്. വിദ്യാഭ്യാസം, തൊഴിൽ, ശാസ്ത്രം, കലാ സാഹിത്യ മണ്ഡലങ്ങൾ, ബിസിനസ്, രാഷ്ട്രീയം ഏതു മേഖലകളിലും അവരുടെ നൂതനമായ പുത്തനാശയങ്ങളെ ഭേദഗതികളോടുകൂടിയാണെങ്കിലും പരിഗണിക്കാനും അവരുടെ സ്വപ്നങ്ങൾക്ക് പിൻബലവും ചിറകുകളും നൽകാനും ഒരു നയം തന്നെ സർക്കാർതലത്തിൽ നടപ്പിലാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.ഈ സർക്കാർ അവർക്ക് വേണ്ടി ബാക്കി വച്ചത് 5 ലക്ഷത്തിൽ പരം കോടി രൂപയുടെ കടം മാത്രമാണ്.