തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ കെ.എം.ഷാജിയുടെ അനുചിത പരാമർശം മുസ്‌ലിം ലീഗിന്റെ നിലപാടല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ സലാം. പൊതുയോഗത്തിൽ ഒരാൾ പ്രസംഗിക്കുന്നത് എങ്ങനെ പാർട്ടി നിലപാടാകും. മാധ്യമപ്രവർത്തകരുടെ മുന്നിൽ പ്രതികരിക്കുന്നത് പോലെയല്ല പൊതുയോഗത്തിൽ പറയുന്നത്. അതേസമയം, ഷാജിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊരു പ്രസ്താവനയുണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എം ഷാജിയുടെ പ്രസ്താവനക്ക് മറുപടി പറയാനില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെ പ്രതികരണം. തനിക്ക് ഒരുപാട് ജോലി തിരക്കുണ്ടെന്നും അതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ മറുപടി നൽകി.

കെ.എം.ഷാജിയുടെ ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവനയിൽ വനിത കമ്മീഷൻ കേസെടുത്തിട്ടുണ്ട്. മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. തന്റെ കർമ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും മോശമായ രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെ.എം. ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയിൽ ഉപയോഗിച്ച 'സാധനം' എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാൻ'.

'മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം'എന്നത്. കെ.എം. ഷാജിയെ പോലെയുള്ളവരുടെ മനസിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ആധുനിക കാലത്തും പിന്തിരിപ്പൻ ചിന്താഗതി വച്ച് പുലർത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താൻ നമ്മുടെ സമൂഹം തയാറാവണ'മെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.