കൽപ്പറ്റ: വയനാട് ചുള്ളിയോട് പാടിപറമ്പിൽ ഇന്ന് ഉച്ചയോടെ പുലിയിറങ്ങി പ്രദേശവാസിയുടെ ആടിനെ പിടികൂടി. ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള പറമ്പിലിറങ്ങിയ പുലി, വളർത്തു മൃഗമായ ആടിനെ പിടികൂടി ഭക്ഷിക്കാൻ തുടങ്ങി.

സംഭവം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന്, പാതി ഭക്ഷിച്ച നിലയിൽ ആടിനെ ഉപേക്ഷിച്ച് പുലി ഓടിരക്ഷപ്പെട്ടു. മുൻപും ഇതേ പ്രദേശത്ത് പുലിശല്യം അനുഭവപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ തവണയും ഇതേ വ്യക്തിയുടെ ആടിനെയാണ് പുലി പിടികൂടിയിരുന്നത്.

പട്ടാപ്പകൽ പോലും പുലിയെ ഭയക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വനത്തിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങിവരുന്ന വന്യജീവികളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.