മലപ്പുറം: പെരിന്തൽമണ്ണ മണ്ണാർമലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രദേശത്ത് പുലിയെ കണ്ടത്. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് പുലി നടക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ദൃശ്യങ്ങളിൽ, പുലി ഒരു ഭാഗത്തേക്ക് നടന്നു വരികയും അല്പനേരം അവിടെ നിൽക്കുകയും പിന്നീട് മുന്നോട്ട് പോകുകയും ചെയ്യുന്നതായി വ്യക്തമാണ്. ഈ വിഷയത്തിൽ വനംവകുപ്പ് കൂടുതൽ ശ്രദ്ധിക്കണമെന്നും, പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അറിയിച്ചതിനെ തുടർന്ന് പുലിയെ പിടികൂടാനായി സമീപത്ത് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. കൂട് സ്ഥാപിച്ചിട്ടും പുലിയെ പിടികൂടാൻ സാധിക്കാത്തതിൽ നാട്ടുകാർക്കിടയിൽ അതൃപ്തിയുണ്ട്.