- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിപ്പനി ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം
കൊച്ചി: എലിപ്പനി ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മഴയ്ക്ക് ശേഷം എലിപ്പനികേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കൊച്ചി മെഡിക്കൽ ഓഫീസർ ഡോ. കെ.കെ ആശ അറിയിച്ചു. വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണപ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം.
പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. എലിപ്പനി ഒഴിവാക്കുന്നതിന് മണ്ണിലും വെള്ളത്തിലും പണിയെടുക്കുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പ്രതിരോധമരുന്നും വ്യക്തിഗത സുരക്ഷാ ഉപാധികളും ഉറപ്പാക്കേണ്ടതാണെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലർന്ന ജലമോ, മണ്ണോ, മറ്റു വസ്തുക്കളോ വഴിയുള്ള സമ്പർക്കത്തിൽ കൂടിയാണ് എലിപ്പനി പകരുന്നത്.
അതിനാൽ രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗാണു സാധ്യതയുള്ള എലികളുടെയും കന്നുകാലി, നായ, പന്നികൾ മുതലായ മറ്റു ജീവികളുടെയും മൂത്രം ശരീരത്തിൽ തട്ടാതെയും, ആഹാരം കുടിവെള്ളം എന്നീ മാർഗങ്ങളിലൂടെ ശരീരത്തിലെത്താതെയും നോക്കുന്നത് വഴി ഈ രോഗം തടയാൻ സാധിക്കും.
കന്നുകാലി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൃഷി പണിയിലേർപ്പെട്ടിരിക്കുന്നവർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ തുടങ്ങിയവരിലാണ് രോഗസാധ്യത കൂടുതൽ. വെള്ള കെട്ടിലിറങ്ങുന്നവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും കട്ടി കൂടിയ റബ്ബർ കാലുറകളും, കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.
കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. പനി, തൊണ്ടവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിന്റെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ തുടങ്ങിയ പകർച്ച വ്യാധികളുടെ കൂടെ ആയതിനാൽ സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
മറുനാടന് ഡെസ്ക്